ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കെട്ടിയിട്ട് അടിക്കുന്നതിനു തുല്യം: കെമാല്‍പാഷ

കൊച്ചി: വിധിന്യായത്തിന്റെ പേരില്‍ ജഡ്ജിയെ വിമര്‍ശിക്കുന്നത് കെട്ടിയിട്ട് അടിക്കുന്നതിനു തുല്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ബി കെമാല്‍പാഷ. വിധിന്യായങ്ങളുടെ പേരില്‍ തനിക്ക് ഒരുപാട് ശത്രുക്കളുണ്ടായിട്ടുണ്ടെന്നും അതിനെയൊന്നും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കൂട്ടായ്മ കൊച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ജസ്റ്റിസ് കെമാല്‍പാഷ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്.
ജഡ്ജിമാരും മനുഷ്യര്‍ തന്നെയാണ്. കുത്തി മുറിവേല്‍പിക്കുകയോ നോവിക്കുകയോ ചെയ്താല്‍ അവരുടെ മുറിവില്‍ നിന്ന് വരുന്നതും രക്തം തന്നെയാണ്. അവര്‍ക്കും കണ്ണീരും സങ്കടവുമുണ്ട്. ഒരു ജഡ്ജിയെ വിമര്‍ശിക്കുന്നവര്‍ അത് ഓര്‍ക്കണം. വിധിന്യായത്തെ എങ്ങനെ വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷേ വിധിയെഴുതിയ ജഡ്ജിയെ വിമര്‍ശിക്കാന്‍ പാടില്ല. വിധിന്യായത്തിന്റെ പേരില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനത്തിന് മറുപടി പറയാന്‍ ഒരു ജഡ്ജിക്ക് കഴിയില്ല. ജഡ്ജിക്കു പറയാനുള്ള കാര്യങ്ങള്‍ ജഡ്ജ്‌മെന്റിലൂടെ മാത്രമേ പറയാന്‍ കഴിയൂ. ഒരു ജഡ്ജ്‌മെന്റ് എഴുതിയിട്ട് അതിനെ പിന്താങ്ങാനോ അല്ലെങ്കില്‍ എന്തുകൊണ്ട് എഴുതിയെന്നോ ജഡ്ജി ഒരിക്കലും പറയാന്‍ പാടില്ല. നിയമത്തിന്റെ അജ്ഞതമൂലം ജഡ്ജിക്കെതിരേ വിമര്‍ശനം നടത്തുന്നവര്‍ക്ക് മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല. മറുപടി ഇല്ലാത്തതുകൊണ്ടുമല്ല. ജുഡീഷ്യല്‍ സംയമനം പാലിക്കേണ്ടതിനാലാണ് മറുപടി പറയാതിരിക്കുന്നത്.
വിധിന്യായങ്ങളിലൂടെ ഉറപ്പുള്ള ഒരുപാട് ശത്രുക്കളെ താന്‍ സമ്പാദിച്ചിട്ടുണ്ട്. പ്രതികൂല വിധി ലഭിച്ചവര്‍ക്ക് വലിയ വിരോധമായിരിക്കും. താന്‍ അത് ഭയക്കുന്നില്ല. മുന്നില്‍ വരുന്ന ഒരു കേസും തനിക്ക് അറിയാവുന്ന ആളാണ് എന്നതിന്റെ പേരില്‍ ഒഴിവാക്കില്ല. അത്തരത്തില്‍ ഒഴിഞ്ഞുമാറുന്നത് ഒരു ജഡ്ജി എന്ന നിലയില്‍ താനെടുക്കുന്ന സത്യപ്രതിജ്ഞയ്ക്കു വിരുദ്ധമാണ്. അതു ചെയ്തില്ലെങ്കില്‍ താനൊരു ജഡ്ജിയാവുമോ എന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളോടുള്ള പ്രതിബദ്ധത വിധിന്യായങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ച ന്യായാധിപനായിരുന്നു ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. വിധിധ്യനായങ്ങളില്‍ വ്യക്തിപരമായ ഭിന്നാഭിപ്രായങ്ങള്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ തന്നെ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെയാണ് വിധി പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യയിലല്ലായിരുന്നു ജനിച്ചതെങ്കില്‍ ലോകം മുഴുവന്‍ ആളുകള്‍ അദ്ദേഹത്തെ ആരാധിച്ചേനെയെന്നും കെമാല്‍പാഷ പറഞ്ഞു.
Next Story

RELATED STORIES

Share it