ജഡ്ജിമാരുടെ നിയമനം: കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കണം

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച നടപടിക്രമങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതി നിര്‍ദേശം. ജഡ്ജിമാരുടെ യോഗ്യത സംബന്ധിച്ച വിഷയം, സുതാര്യത, ജഡ്ജിമാരുടെ നിയമനത്തിനായുള്ള സെക്രട്ടേറിയറ്റ് രൂപീകരണം, നിയമനവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളുടെ പരിഹാരം എന്നിവ പരിഗണിച്ചായിരിക്കണം മാര്‍ഗരേഖ തയ്യാറാക്കേണ്ടതെന്നും ജസ്റ്റിസ് ഖേഹാര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ്ജസ്റ്റിസ് അറിഞ്ഞായിരിക്കണം അന്തിമ തീരുമാനം എടുക്കേണ്ടത്. ചീഫ്ജസ്റ്റിസ് നാലു മുതിര്‍ന്ന ജസ്റ്റിസുമാരുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കും. സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച യോഗ്യതാ മാനദണ്ഡം കൈകാര്യം ചെയ്യുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം പരിഗണിക്കണം. ജഡ്ജിമാരുടെ നിയമനത്തിനുള്ള കുറഞ്ഞ പ്രായപരിധി മാര്‍ഗരേഖയില്‍ വ്യക്തമാക്കണം.
സുതാര്യതയാണ് ഏറ്റവും പ്രധാനമെന്നും കോടതി വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുപ്രിംകോടതി, നിയമ മന്ത്രാലയം, ഹൈക്കോടതി എന്നിവയുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്‌സ് രേഖപ്പെടുത്തണം. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സുപ്രിംകോടതിയിലും ഹൈക്കോടതികളിലും സെക്രട്ടേറിയറ്റുകള്‍ രൂപീകരിക്കണം- കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it