ജഡ്ജിമാരുടെ നിയമനം: കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ കൊളീജിയം തള്ളി

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സുപ്രധാന ശുപാര്‍ശകള്‍ കൊളീജിയം തള്ളി. സ്ഥാനക്കയറ്റത്തിന് സീനിയോരിറ്റിയെക്കാളും മെറിറ്റിന് പ്രാധാന്യം നല്‍കണമെന്നതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയം തള്ളിയത്.
സ്ഥാനക്കയറ്റപ്പട്ടിക വിരമിച്ച ജഡ്ജിമാര്‍ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് കൊളീജിയത്തിന്റെ നടപടി. ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ നടപ്പാക്കാനുമുള്ള അധികാരം കൊളീജിയത്തിനാണ്. രണ്ടുദിവസം മുമ്പ് അസാധാരണ നീക്കത്തിലൂടെ കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ രണ്ടാമതും തിരിച്ചയച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രധാന ശുപാര്‍ശ കൊളീജിയം തള്ളുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പു മറികടന്ന് ബിഹാര്‍ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ നിര്‍ദേശമായിരുന്നു കഴിഞ്ഞദിവസം സര്‍ക്കാര്‍ മടക്കി അയച്ചത്.
'രാജ്യതാല്‍പ്പര്യത്തിന്റെ' പേരില്‍ കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ നിരസിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശം നല്‍കുന്ന വ്യവസ്ഥയെച്ചൊല്ലി കഴിഞ്ഞമാസം ജുഡീഷ്യറിയും സര്‍ക്കാരും തര്‍ക്കം ഉടലെടുത്തിരുന്നു. 'രാജ്യതാല്‍പ്പര്യം' എന്ന വ്യവസ്ഥ പുതുതായി ഉള്‍പ്പെടുത്തിയ മാര്‍ഗരേഖയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ കൊളീജിയം, സര്‍ക്കാരിന്റെ ശുപാര്‍ശ അപ്പടി മടക്കി അയക്കുകയായിരുന്നു.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം നടപ്പാക്കാനുള്ള മര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ച് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) കഴിഞ്ഞ ഒക്ടോബര്‍ 16നാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇതോടെ നിലവില്‍ വന്ന പഴയ കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെന്നും അതിനാല്‍ പരിഷ്‌കരണം ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ 24 ഹൈക്കോടതികളിലും സുപ്രിംകോടതിയിലുമായി ആകെ വേണ്ടത് ഇരുപതിനായിരത്തോളം ജഡ്ജിമാരെയാണ്.
ഇതില്‍ 5000ത്തോളം ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. പത്തുലക്ഷം ആളുകള്‍ക്ക് 50 ജഡ്ജിമാരെന്ന അനുപാതം കാത്തുസൂക്ഷിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും പത്തുലക്ഷത്തിന് 17 ജഡ്ജിമാരെന്ന അനുപാതമാണു നിലവിലുള്ളത്.
Next Story

RELATED STORIES

Share it