ജഡ്ജിക്കു കോഴ വാഗ്ദാനം: അഭിഭാഷകരുടെ മൊഴി വിജിലന്‍സ് സംഘം രേഖപ്പെടുത്തി

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ ആളുകള്‍ കോഴ വാഗ്ദാനം ചെയ്തതായി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന്‍ തുറന്ന കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തി. ഗവണ്‍മെന്റ് പ്ലീഡര്‍ ശ്യാംകുമാര്‍, പ്രോസിക്യൂഷന്‍ അഭിഭാഷകനായ ജോണ്‍ വര്‍ഗീസ്, പ്രതിഭാഗം അഭിഭാഷകന്‍ നിരീഷ് മാത്യു എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
പണം വാഗ്ദാനം ചെയ്തതായി ജഡ്ജി പറഞ്ഞുവെങ്കിലും ആരുടെയും പേര് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് മൂവരും നല്‍കിയിരിക്കുന്ന മൊഴി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച ജസ്റ്റിസ് ശങ്കരന്‍ അനുകൂലമായി വിധി പറഞ്ഞാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്ന വാഗ്ദാനവുമായി ചിലര്‍ ബന്ധപ്പെട്ടതായി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആരുടെയെങ്കിലും പേരോ ബന്ധപ്പെട്ടത് നേരിട്ടോ ഫോണിലാണോ എന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ലെന്ന് മൂന്ന് അഭിഭാഷകരും വിജിലന്‍സിന് മൊഴി നല്‍കി.
അഭിഭാഷകരുടെ മൊഴിയോടെ ജഡ്ജിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുക്കാനുള്ള സാധ്യത ഏറെക്കുറെ ഇല്ലാതായി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശങ്കരനെ കണ്ട് മൊഴിയെടുക്കുമെന്നാണ് സൂചന. ഇതിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ആലോചിക്കുന്നത്. കോഴ വാഗ്ദാനം സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായ ദിവസംതന്നെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശങ്കരനെ കണ്ടെങ്കിലും അദ്ദേഹം ആരുടെയും പേര് പറഞ്ഞില്ല. ജഡ്ജി മൊഴി നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ അന്വേഷണവുമായി മുന്നോട്ടുപോവാനുള്ള സാധ്യത അഭിഭാഷകരുടെ മൊഴി വന്നതോടെ ഇല്ലാതായതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it