Flash News

'ജംഗിള്‍' ക്യാംപ് ഒഴിപ്പിക്കല്‍ പുനരാരംഭിച്ചു; ഫ്രാന്‍സിലെ കലൈസില്‍ സംഘര്‍ഷം

വാഷിങ്ടണ്‍: ജംഗിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്രഞ്ച് തുറമുഖമായ കലൈസിലെ താല്‍ക്കാലിക അഭയാര്‍ഥി ക്യാംപുകള്‍ ഒഴിപ്പിക്കുന്ന നടപടി ഫ്രഞ്ച് സര്‍ക്കാര്‍ പുനരാരംഭിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് കലാപ പോലിസിന്റെ സംരക്ഷണത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചത്. ക്യാംപ് ഒഴിപ്പിക്കാനുള്ള ശ്രമം അഭയാര്‍ഥികള്‍ ചെറുത്തത് സംഘര്‍ഷത്തിനിടയാക്കി. കുടിലുകള്‍ തകര്‍ത്ത തൊഴിലാളികള്‍ക്കു നേരെ അഭയാര്‍ഥികള്‍ കല്ലേറ് നടത്തിയതോടെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അഭയാര്‍ഥികള്‍ സമീപത്തെ കപ്പല്‍ കണ്ടെയ്‌നറുകളിലേക്ക് മാറണമെന്നും അല്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും ഫ്രഞ്ച് പോലിസ് മുന്നറിയിപ്പ് നല്‍കി. ഇതോടെ, ബ്രിട്ടനിലേക്ക് കുടിയേറാമെന്ന മോഹം ഉപേക്ഷിച്ച് ഫ്രാന്‍സില്‍ അഭയം തേടേണ്ടിവരുമെന്ന ഭയത്തിലാണ് അഭയാര്‍ഥികള്‍. 100 കുടിലുകള്‍ തകര്‍ത്തതായും 12 ഓളം കേന്ദ്രങ്ങള്‍ അഗ്നിക്കിരയാക്കിയതായും സന്നദ്ധ സംഘടനകള്‍ അറിയിച്ചു.
ക്ഷുഭിതരായ അഭയാര്‍ഥികള്‍ തകര്‍ക്കാനെത്തിയ തൊഴിലാളികള്‍ക്കു നേരെ കല്ലെറിയുകയും വടിയും മറ്റും ഉപയോഗിച്ച് തുറമുഖ റോഡിലൂടെയുള്ള വാഹന ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ഇവര്‍ക്ക് സംരക്ഷണം തീര്‍ത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കു നേരെയും പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഒഴിപ്പിക്കല്‍ ആയിരത്തോളം പേരില്‍ ഒതുങ്ങുമെന്നാണ് ഫ്രഞ്ച് അധികൃതരുടെ ഭാഷ്യമെങ്കിലും ഇരട്ടിയോളം പേരെ ദോഷകരമായി ബാധിക്കുമെന്നാണ് സര്‍ക്കാരിതര സംഘടനകള്‍ വ്യക്തമാക്കുന്നത്.
പശ്ചിമേഷ്യ, അഫ്ഗാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ക്യാംപുകളില്‍ കഴിയുന്നത്. തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോ ബോര്‍ഡേഴ്‌സ് ഗ്രൂപ്പിലെ അംഗമുള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. ക്യാംപിലേക്ക് പ്രവേശിക്കുന്നതില്‍നിന്നു പോലിസ് തടഞ്ഞതായി ക്യാംപില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ ഗ്രൂപ്പായ ഗൂഡ് ചാന്‍സ് ആരോപിച്ചു.
Next Story

RELATED STORIES

Share it