ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കാംപയിന്‍: സകാത്ത് തുക നിരപരാധികളുടെ ജയില്‍ മോചനത്തിന്

ന്യൂഡല്‍ഹി: ഈ നോമ്പുകാലത്ത് സകാത്ത് തുക ഭീകരാക്രമണക്കേസുകളില്‍ ജയിലുകളില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിനായി വിനിയോഗിക്കാന്‍ കാംപയിന്‍. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നേതൃത്വത്തിലാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. സകാത്ത് തുക ഒമ്പത് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാമെന്നാണ് ഖുര്‍ആനും ഹദീസും നിര്‍ദേശിക്കുന്നതെന്ന് ജംഇയത്ത് നിയമസെല്‍ തലവന്‍ ഗുല്‍സാര്‍ അസ്മി ചൂണ്ടിക്കാട്ടി.
ജയിലില്‍ അടയ്ക്കപ്പെട്ട നിരപരാധികളുടെ മോചനത്തിന് ഇതുപയോഗിക്കുന്നതില്‍ തടസ്സമില്ല. പാവപ്പെട്ട നിരപരാധികളായ നിരവധി മുസ്‌ലിംകളാണ് രാജ്യത്ത് കള്ളക്കേസുകളില്‍ ജയിലില്‍ക്കഴിയുന്നത്. കേസ് നടത്താന്‍ പോലും പണമില്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. ഈ സകാത്ത് തുക തങ്ങള്‍ ഈ ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നും അസ്മി പറഞ്ഞു. ഇത്രയും കാലം തങ്ങള്‍ക്കു ലഭിച്ച സകാത്ത് തുക വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരുന്നു ചെലവഴിച്ചിരുന്നത്. ഇത്തവണ അത് നിയമപോരാട്ടത്തിനാണ്.
കഴിഞ്ഞ വര്‍ഷം 410 മുസ്‌ലിംകള്‍ ഉള്‍പ്പെട്ട 52 കേസുകള്‍ക്കായി തങ്ങള്‍ രണ്ടു കോടി രൂപയാണു ചെലവിട്ടത്. ഇതില്‍ 108 പേരെ കോടതി നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യാപരമായ കണക്കു നോക്കുമ്പോള്‍ രാജ്യത്തെ മുസ്‌ലിംകള്‍ ഓരോ വര്‍ഷവും ചുരുങ്ങിയത് 7500 കോടി രൂപ സകാത്ത് ഇനത്തില്‍ ചെലവിടുന്നുണ്ട്.
ഇതില്‍ ഒരു വിഹിതം ഈ ആവശ്യത്തിന് ചെലവാക്കാനാണ് പദ്ധതി. സകാത്ത് ഈ ആവശ്യത്തിനു നല്‍കുന്നതിന് ജമാഅത്ത് അംഗങ്ങള്‍ മുസ്‌ലിംമേഖലയില്‍ കാംപയിന്‍ നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it