ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു

ന്യൂഡല്‍ഹി: ഇന്തോനീസ്യയിലെ ബാലിയില്‍ പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്നലെ പുലര്‍ച്ചയോടെ ഇന്ത്യയില്‍ എത്തിച്ചു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ രാജനെ സിബിഐ കസ്റ്റഡിയില്‍ വാങ്ങി. രാജനെതിരേ കൂടുതല്‍ കേസുകള്‍ നിലവിലുള്ളത് മഹാരാഷ്ട്രയിലാണെങ്കിലും ഈ കേസുകളെല്ലാം മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ബോംബെയില്‍ എത്തിക്കുന്നതിനു പകരം രാജനെ ഡല്‍ഹിയിലേക്കു കൊണ്ടുവന്നത്. മഹാരാഷ്ട്ര പോലിസില്‍ തനിക്കു വിശ്വാസമില്ലെന്ന് രാജന്‍ നേരത്തേ പ്രതികരിച്ചിരുന്നു. അധോലോക തലവന്‍ ദാവൂദ് ഇബ്രാഹീമിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ രാജനില്‍ നിന്നു ലഭിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്. ദാവൂദിന്റെ വലംകൈയായിരുന്ന രാജന്‍ പിന്നീട് ദാവൂദുമായി അകലുകയായിരുന്നു. കഴിഞ്ഞ മാസം 25നാണ് രാജന്‍ ബാലിയില്‍ അറസ്റ്റിലായത്. തുടര്‍ന്ന് ബാലിയില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയായിരുന്നു. ബാലിയിലും ഇന്ത്യയിലും ഒരേപോലെ ശക്തമായ സുരക്ഷയാണ് രാജന് ഒരുക്കിയത്. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ പ്രത്യേക വിമാനത്തിലാണ് രാജനെ ഡല്‍ഹിയില്‍ എത്തിച്ചത്. തുടര്‍ന്ന് 6.15ന് ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിന്റെ സുരക്ഷാവലയത്തില്‍ സിബിഐ ആസ്ഥാനത്തെത്തിച്ചു.  വിവിധ സുരക്ഷാ ഏജന്‍സികളുടെ സംയുക്തമായ ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ടുണ്ട്. 20 കൊലപാതകം ഉള്‍പ്പെടെ 70 കേസുകളാണ് രാജനെതിരേ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദാവൂദുമായി ബന്ധമുള്ള മുംബൈ പോലിസിലെ ഉദ്യോഗസ്ഥരുടെ പേരുകള്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഛോട്ടാ രാജന്‍ കൈമാറിയതായാണ് സൂചന. ദാവൂദിന്റെ പ്രവര്‍ത്തനമേഖലയും അദ്ദേഹത്തെ സഹായിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും രാജനില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it