thiruvananthapuram local

ഛത്തീസ്ഗഡിലെ കൊടും കാടിനുള്ളില്‍ പൊലിഞ്ഞത് കുടുംബത്തിന്റെ ഏക ആശ്രയം

ബാലരാമപുരം: ഛത്തീസ്ഗഡിലെ കൊടുംകാടിനുള്ളി ല്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക ആശ്രയം. മാവോവാദി വേട്ടക്കിടെ കഴിഞ്ഞദിവസം ഛത്തീസ്ഗഡിലെ സുഗ്മ ജില്ലയിലെ കൊടുകാടിനുള്ളില്‍ വച്ചാണ് മലയാളി ജവാന്‍ ഐത്തിയൂര്‍ കരയ്ക്കാട്ടുവിള വാറുവിളാകത്ത് പുതുവല്‍ പുത്തന്‍ വീട്ടില്‍ ലെജു മാവോവാദികളുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. ലെജുവിന് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് പിതാവ് നെല്‍സന്‍ തെങ്ങില്‍ നിന്ന് വീണ് മരിച്ചത്.
തുടര്‍ന്ന് ലെജുവിന്റെ അമ്മ സുലോചന ലെജുവിനെയും സഹോദരി ലിനിയെയും ഏറെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. വീടിനോട് ചേര്‍ന്നുള്ള കൈത്തറിയുടെ മുണ്ട് നെയ്യുന്നതിനുള്ള തറിയില്‍ ദിവസവും നെയ്ത് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് സുലോചന രണ്ടുമക്കളെയും വളര്‍ത്തിയത്. ചെറുപ്പകാലം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ലെജു ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠനത്തിന് ശേഷം പോളിടെക്‌നിക്കില്‍ ചേര്‍ന്നു.
18ാമത്തെ വയസിലാണ് ലെജു സൈന്യത്തില്‍ ചേരുന്നത്. അടുത്തിടെയാണ് സഹോദരിയുടെ വിവാഹം നടന്നത്. നാട്ടില്‍ സര്‍വസമ്മതനായിരുന്ന ലൈജൂ ഒരുമാസം മുമ്പ് നാട്ടില്‍ അവധിക്കെത്തിയിരുന്നു. ബോഡോ ഫോഴ്‌സില്‍ ചേര്‍ന്നപ്പോള്‍ മാവോവേട്ടയ്ക്ക് പോവുന്നതിനാലാണ് 15 ദിവസം ലീവ് നല്‍കിയിരുന്നത്. ഒന്നാം തിയ്യതി അമ്മയെ ഫോണില്‍ വിളിച്ച് മാവോ വേട്ടയ്ക്ക് പോവുകയാണെന്ന് അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ക്യാംപില്‍ നിന്നു വിളിച്ചാണ് മരണവിവരം സ്ഥിരീകരിക്കുന്നത്.
സംഭവത്തില്‍ ലെജുവിനൊപ്പം രണ്ട് സൈനികര്‍ കൂടി മരണപ്പെട്ടിരുന്നു. ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം പാങ്ങോട് ക്യാംപില്‍ ബഹുമതി നല്‍കിയ ശേഷം ലെജു പഠിച്ച ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം ആചാര ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ലെജുവിനോടുള്ള ആദരസൂചകമായി ഇന്ന് ബാലരാമപുരത്ത് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.
Next Story

RELATED STORIES

Share it