ചൗഹാനെപ്പറ്റി വിവരിച്ച് സമയം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല: അമൃത് ഗംഗാര്‍

ടി പി ജലാല്‍

മഞ്ചേരി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ ചെയര്‍മാനെക്കുറിച്ച് വിവരിച്ച് സമയം നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും ചരിത്രകാരനുമായ അമൃത് ഗംഗാര്‍.
മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജിലെ സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തേജസിനോട് സംസാരിക്കുകയായിരുന്നു. ഗജേന്ദ്ര ചൗഹാന്‍ വെറും നടന്‍ മാത്രമാണ് അതിനപ്പുറം സിനിമാ ലോകത്തെപ്പറ്റി അദ്ദേഹത്തിന് ഒന്നും അറിയില്ല. സിനിമാലോകത്ത് എന്തെങ്കിലും ചെയ്യാനാവുമെന്നു കരുതുന്നില്ല. മഹാഭാരതം പരമ്പരയിലെ യുധിഷ്ഠിരനെ അവതരിപ്പിച്ചത് മാത്രമാണയാള്‍ക്കുള്ള ഇമേജ്. ചൗഹാനെക്കുറിച്ച് ചോദിച്ച് സമയം കളയാതെ വേറെയെന്തെങ്കിലും ചോദിക്കുകയെന്നായിരുന്നു ബംഗളൂരുവിലെ വെസ്റ്റേണ്‍ റീജ്യണല്‍ ഫിലിം ഫെഡറേഷന്‍ സൊസൈറ്റി സെക്രട്ടറി കൂടിയായ ഗംഗാറിന്റെ പ്രതികരണം.
സിനിമയുടെ ശക്തിയെന്ന വിഷയം അവതരിപ്പിക്കാനാണ് അമൃത് ഗംഗാര്‍ മഞ്ചേരിയിലെത്തിയത്. നാളെ സമാപിക്കുന്ന സെമിനാറില്‍ കാഞ്ച ഇളയ്യയും പങ്കെടുക്കുന്നുണ്ട്. കോളജിലെ ഇംഗ്ലീഷ് വിഭാഗമാണ് അന്താരാഷ്ട്രാ സെമിനാര്‍ സംഘടിപ്പിക്കുന്നത്. മൂന്ന് ദശാബ്ദക്കാലം സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന 66കാരനായ ഗംഗാര്‍ മുംബൈയിലെ നാഷണല്‍ മ്യൂസിയത്തില്‍ ക്യുറേറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it