ചോരയുടെ തീരാത്ത കണക്കുകള്‍

കെ സി ഉമേഷ് ബാബു

അങ്ങനെ കാര്യങ്ങള്‍ ഒടുവില്‍ അവിടെത്തന്നെ എത്തി. ആരെയും കൊല്ലാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്ന് പ്രായോഗികമായി തെളിയിച്ചുകൊണ്ടിരിക്കുകയും അതിനെ എതിര്‍ത്തവരെ ഒറ്റപ്പെടുത്തുകയും പുച്ഛിക്കുകയും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുപോന്ന ചുവന്ന ഫാഷിസ്റ്റ് ഔദ്ധത്യത്തെ നീതിന്യായകോടതികള്‍ അടിച്ചിരുത്തി.
2012ലെ ഒരു പകലില്‍, അരിയില്‍ ഷുക്കൂര്‍ എന്ന കൗമാരക്കാരനെ, ഓടിച്ചു പിടിച്ചുകെട്ടി ഒരുപാടുനേരം കൈയില്‍ വച്ച് കോഴിയെ കൊല്ലുന്നതിനേക്കാള്‍ ലാഘവത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊലയാളികളെ പ്രശംസിച്ചുകൊണ്ട് ഹിറ്റ്‌ലേറിയന്‍ ഭാഷയില്‍ അന്നുതന്നെ വാര്‍ത്താസമ്മേളനം നടത്തിയ 'പാര്‍ട്ടിരാജാവ്' ഒരു ആംബുലന്‍സില്‍ എത്തി കോടതിയില്‍ കീഴടങ്ങി. കേരളത്തിലെ യഥാര്‍ഥ ജനാധിപത്യവാദികളെയും മനുഷ്യസ്‌നേഹികളെയും സംബന്ധിച്ച് സ്വാഗതാര്‍ഹമാണ് ഈ പതനം. ഹൈക്കോടതിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, കുറ്റവാളികളായ നാട്ടുരാജാക്കന്മാരെയും വിലങ്ങുവയ്ക്കാന്‍ നിയമവ്യവസ്ഥ പ്രാപ്തമായി എന്നതാണതിന്റെ പ്രധാന കാരണം. നിയമം നിയമത്തിന്റെ വഴിക്കു പോവുമെന്ന് നിരന്തരം പറഞ്ഞുകൊണ്ട്, കഴിഞ്ഞ നാലുകൊല്ലമായി നിയമത്തെ സിപിഎമ്മിന്റെ സൗകര്യത്തിനു മാത്രം സഞ്ചരിക്കാന്‍ വിട്ട യുഡിഎഫിന്റെ ചതി ചെറുതായെങ്കിലും പരാജയപ്പെട്ടുവെന്നതാണതിന്റെ മറ്റൊരു കാരണം. എന്തും ചെയ്യാന്‍ ആളും അര്‍ഥവും മാത്രമല്ല, പത്രങ്ങളും വാര്‍ത്താ ചാനലുകളും പത്രപ്രവര്‍ത്തകരും വൈതാളികന്മാരും സാഹിത്യകാരന്‍മാരും വരെ സ്വന്തമായുള്ള ഒരു രാഷ്ട്രീയപ്രഭുവാണ് ഇങ്ങനെ നിയമത്തിന്റെ കൈകളില്‍ കുരുങ്ങിയത് എന്നതാണ് അതിന്റെ വേറൊരു കാരണം.
ഷുക്കൂര്‍ വധക്കേസിലല്ല, കണ്ണൂര്‍ ജില്ലയിലെ മറ്റൊരു പ്രമാദമായ വധക്കേസിലാണ്, ഫഌക്‌സ് ബോര്‍ഡില്‍ സ്വയം ശ്രീകൃഷ്ണനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ 'പാര്‍ട്ടിരാജാവ്' കീഴടങ്ങിയതെന്ന് പ്രത്യേകമോര്‍ക്കണം. യുഡിഎഫ് ഗവണ്‍മെന്റ് ഒതുക്കിയമര്‍ത്തിക്കൊടുത്ത ഷുക്കൂര്‍ വധക്കേസില്‍ ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ട സിബിഐ അന്വേഷണം വരാനിരിക്കുന്നതേയുള്ളൂ. തലശ്ശേരിയില്‍നിന്ന് ചിലര്‍ പറഞ്ഞയച്ച കൊലയാളിസംഘമാണ് ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരനെ 2012ല്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയതെന്ന കാര്യം കേരളത്തിലെ യുക്തിബോധമുള്ള എല്ലാവര്‍ക്കും അറിയാമെന്നതുപോലെ, തലശ്ശേരിയിലെ വിചാരണക്കോടതി വിധിന്യായത്തില്‍ അത് സ്ഥിരീകരിച്ചതുമാണ്. പക്ഷേ, ടിപി കൊലപാതകത്തിന്റെ ആ നിര്‍ണായകവശത്തേക്ക് ഒരന്വേഷണവും ചെന്നെത്താതിരിക്കാന്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും കോടതികളൊഴികെയുള്ള എല്ലാ നിയമസംവിധാനങ്ങളും ഒന്നിച്ചുനില്‍ക്കാനിടവന്നതിന്റെ പ്രഹേളിക ഇപ്പോഴും അവശേഷിക്കുന്നു.
എത്ര ഭയാനകമാണ്, പച്ചയ്ക്ക് തെളിഞ്ഞുകാണാവുന്ന ഈ വസ്തുതകളെന്നു നോക്കുക. ചൂഷകരെ ഉള്‍പ്പെടെ മുഴുവന്‍ മനുഷ്യരെയും യഥാര്‍ഥമായ മനുഷ്യത്വത്തിലേക്ക് വീണ്ടെടുക്കുമെന്ന് സാക്ഷാല്‍ കാള്‍ മാര്‍ക്‌സ് പ്രവചിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിലുള്‍പ്പെട്ട ഒരു നേതാവ്, മനുഷ്യരെ കൊല്ലുന്നതിന് എത്ര നിസ്സാരമായ കാരണം കണ്ടെത്തുന്നയാളും അതിനുത്തരവു നല്‍കുന്ന ആളുമാണെന്നു വരുന്നതിന്റെ ഭയാനകത ഫാഷിസ്റ്റല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടാന്‍ കാരണം, അയാള്‍ തന്റെ കാറിന് കല്ലെറിഞ്ഞതാണെന്ന് ഈ നേതാവ് പറഞ്ഞ വാക്യങ്ങള്‍ പിറ്റേന്നത്തെ ദേശാഭിമാനിയിലും അച്ചടിമഷി പുരണ്ടത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനെക്കുറിച്ച്, സാക്ഷാല്‍ പിണറായി വിജയനും പാര്‍ട്ടി നേതൃത്വവും മാറിമാറി പറഞ്ഞുനടന്ന ഒമ്പത് കഥ(അതിലൊന്നിലെ നായകന്‍ പി സി ജോര്‍ജ് ആയിരുന്നു എന്ന കാര്യം ഇപ്പോള്‍ കാണുമ്പോള്‍ രസകരമാണ്)കളുടെ വിശദവിവരങ്ങളും ദേശാഭിമാനി താളുകളില്‍ പതിഞ്ഞുകിടപ്പുണ്ട്. ഇതാണ് ഇതിലെല്ലാമുള്ള ഏറ്റവും പ്രധാനമായ പ്രശ്‌നം. തന്നിഷ്ടമനുസരിച്ച് മനുഷ്യരെ കൊല്ലുകയും തുടര്‍ന്ന് അതേക്കുറിച്ച് നുണകള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന, നുണകളും അക്രമങ്ങളും മുന്നണിയും പിന്നണിയുമാവുന്ന ക്ലാസിക്കല്‍ ഫാഷിസ്റ്റ് രാഷ്ട്രീയതന്ത്രം കമ്മ്യൂണിസ്റ്റ് എന്ന് പറയപ്പെടുന്ന ഒരു പാര്‍ട്ടിയുടെ പ്രധാന കാര്യപരിപാടിയാവുക! ജനാധിപത്യയുഗത്തിലെ സംസ്‌കാരസമ്പന്നമായ ഏത് ജനതയ്ക്ക് പൊറുപ്പിക്കാനാവും ഇങ്ങനെയൊരു പാര്‍ട്ടിയെയും അതിലെ ഇത്തരം നാട്ടുരാജാക്കന്മാരെയും?
സിപിഎമ്മിനെ പിന്തുണയ്ക്കുകയും വളര്‍ത്തുകയും ചെയ്തുകൊണ്ടല്ലാതെ ഇന്ത്യയില്‍ സംഘപരിവാര ഫാഷിസത്തെ ചെറുക്കാനാവില്ലെന്ന് പ്രചരിപ്പിക്കുകയും അതു ചെയ്യുകയും ചെയ്യുന്ന മുസ്‌ലിം സ്വത്വവാദ സംഘടനകളും ബുദ്ധിജീവികളും ഈ പ്രശ്‌നത്തിന് മറുപടി പറഞ്ഞേ മതിയാവൂ. സിപിഎം അല്ലാതെ ഇനിയെന്താണ് രക്ഷ എന്ന് ചോദിക്കുകയും അതിന്റെ പേരില്‍ ബീഫ് തീറ്റ മുതല്‍ മനുഷ്യസംഗമം വരെയെല്ലാം ആര്‍ഭാടപൂര്‍വം കൊണ്ടാടുകയും ചെയ്യുന്നവരും സിപിഎമ്മിന്റെ ചോരക്കൊതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി കണ്ടെത്തേണ്ടതാണ്. പിണറായി വിജയനെ ഉടനടി കേരള മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍, ഉമ്മന്‍ചാണ്ടിയുടെ ദുഷ്‌ചെയ്തികളില്‍പ്പെട്ട് കേരളം അറബിക്കടലില്‍ അമര്‍ന്നുപോവുമെന്നു പറയുന്ന പഴയ ഇടതു വിമതരും ചിന്തകരും നിരീക്ഷകരുമായ ആളുകളും മനുഷ്യരക്തംകൊണ്ട് ഹോളികളിക്കുന്ന ബംഗാള്‍ ശൈലിയിലുള്ള കണ്ണൂര്‍ സിപിഎം പ്രവര്‍ത്തനത്തെപ്പറ്റി എന്തെങ്കിലും ചില ആലോചനകള്‍ക്ക് സമയം കണ്ടെത്തേണ്ടതാണ്.
കേരളീയസമൂഹത്തില്‍ ഇപ്പോള്‍ ഉന്നയിക്കപ്പെടേണ്ട യഥാര്‍ഥമായ പ്രശ്‌നം, എല്ലാ രാഷ്ട്രീയത്തെയും എങ്ങനെ ഫാഷിസ്റ്റ് നിര്‍മുക്തമാക്കാം എന്നതാണ്. ഫാഷിസ്റ്റ് സ്വഭാവമുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഏതു പാര്‍ട്ടിയിലെയും അണികളെ മാത്രമല്ല, അതിന്റെ നേതാക്കളെത്തന്നെ തെരുവില്‍ വെറുതെ ഒഴുക്കുന്ന ചോരയുടെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കേണ്ടതാണ്. ഇപ്പോഴത്തെ എല്ലാ രാഷ്ട്രീയകക്ഷികളും മുകളില്‍നിന്ന് താഴോട്ട് കെട്ടിപ്പടുക്കപ്പെട്ട നേതൃ-കേന്ദ്രീകൃത പാര്‍ട്ടികളാണെന്നതുകൊണ്ട്, കൊലപാതകങ്ങള്‍ ഭൂരിഭാഗവും നേതാക്കളുടെ ഉത്തരവിന്‍പുറത്ത് സംഭവിക്കുന്നവയാണ്. അങ്ങനെയല്ലാതെ അണികള്‍ നേരിട്ടു നടത്തുന്നവ ആര്‍ക്കും കണ്ടാലറിയാനാവും. നാം ഒരു വെള്ളരിക്കാ റിപബ്ലിക്കിലെയല്ല, ഒരു ഔപചാരിക ജനാധിപത്യ റിപബ്ലിക്കിലെ പൗരന്‍മാരായതുകൊണ്ട്, ഓരോ അക്രമ-കൊലപാതക പ്രവൃത്തിയിലും വലിയ നേതാക്കന്മാരുള്‍പ്പെടെ ആരൊക്കെയാണോ ഭാഗഭാക്കായിരുന്നത് അവര്‍ മുഴുവനും നിയമത്തിനു മുന്നിലെത്തുകയാണ് രാഷ്ട്രീയത്തെ ഫാഷിസ്റ്റ് നിര്‍മുക്തമാക്കാനുള്ള പ്രവര്‍ത്തനത്തിലെ ഒരു പ്രാഥമിക പടി. ഔപചാരിക ജനാധിപത്യവ്യവസ്ഥകളില്‍ പ്രത്യേക അവകാശങ്ങളും അധികാരങ്ങളും പറ്റി സുഭിക്ഷമായി ജീവിക്കുന്ന വരേണ്യ സാമൂഹികവിഭാഗമായ രാഷ്ട്രീയനേതാക്കന്മാര്‍ക്ക് ക്രിമിനല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ ഒരു സ്വാതന്ത്ര്യവും നല്‍കരുതെന്നു മാത്രമല്ല, അത്തരം പ്രവണതകള്‍ നിര്‍ദയമായി അടിച്ചമര്‍ത്തുകയും വേണം.
പക്ഷേ, സിപിഎമ്മിന്റെ കാര്യത്തില്‍ പൊതുവേയും, കണ്ണൂര്‍ സിപിഎമ്മിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും അതത്ര എളുപ്പമൊന്നുമല്ല. രാഷ്ട്രീയ എതിരാളികളെ അക്രമവും കൊലകളുംകൊണ്ട് നേരിടുകയെന്ന ബംഗാളി ലുംബന്‍ ശൈലിയുടെ വക്താക്കളും പ്രയോക്താക്കളുമാണവര്‍. കൊടിയ ഭയം ഉല്‍പാദിപ്പിച്ചുകൊണ്ട് സമൂഹത്തെ കീഴ്‌പ്പെടുത്താമെന്ന തത്ത്വം ഒരു മതവിശ്വാസം കണക്കെ സാക്ഷാല്‍കരിച്ചിട്ടുള്ള ദീര്‍ഘപൈതൃകത്തിലാണവര്‍ നില്‍ക്കുന്നത്. അഭിവന്ദ്യനായ ടി പി ശ്രീനിവാസന്‍ എസ്എഫ്‌ഐക്കാരുടെ അടികൊണ്ട് വീണതിനു തൊട്ടുപിമ്പേ, ടി പി ശ്രീനിവാസന്‍ വിദ്യാഭ്യാസവിചക്ഷണനൊന്നുമല്ലെന്ന് വാര്‍ത്താസമ്മേളനം നടത്തി പരിഹസിക്കുന്ന പിണറായി വിജയന്റെ ചിത്രത്തിലുണ്ട് ഈ ഫാഷിസ്റ്റ് ശൈലിയുടെ മാരകത്വം. അതുകൊണ്ടുതന്നെ കണ്ണൂര്‍ സിപിഎം ഫാഷിസ്റ്റ് ശൈലി ഉപേക്ഷിക്കുമെന്നു കരുതാന്‍ ഇപ്പോഴും ന്യായങ്ങളൊന്നുമില്ല.
ഇപ്പോള്‍ കീഴടങ്ങിയ 'പാര്‍ട്ടിരാജാവി'നെതിരേ കോടതിവിധികള്‍ വന്നപ്പോഴും സിപിഎം നേതൃത്വം ആവര്‍ത്തിച്ചുപറയുന്നത് ഈ നേതാവ് നിരപരാധിയാണെന്നാണ്. അതിന്റെ അര്‍ഥം ഇഷ്ടത്തിനനുസരിച്ച് ആരെയും കൊല്ലുന്ന തങ്ങളുടെ രാഷ്ട്രീയശൈലി സിപിഎം ഉപേക്ഷിക്കാന്‍ പോവുന്നില്ല എന്നുതന്നെയാണ്. ''ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ'' എന്ന കവി ബര്‍ത്തോള്‍ട്ട് ബ്രഹ്ത്തിന്റെ വാക്യം സിപിഎമ്മിന്റെ കേരള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇനിയും ശരിയായിത്തീരാന്‍ തന്നെയാണു പോവുന്നത്. ഇത്രയും സരളമായി മനസ്സിലാക്കാനുള്ള ബുദ്ധി വിമതരും അല്ലാത്തവരുമായ ബുദ്ധിജീവികളെങ്കിലും പ്രദര്‍ശിപ്പിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കുക.

(കടപ്പാട്: ജനശക്തി, 2016 മാര്‍ച്ച് 1-15) 
Next Story

RELATED STORIES

Share it