thiruvananthapuram local

ചോരക്കുഞ്ഞിന്റെ മൃതദേഹം ആളുമാറി നല്‍കി: മെഡിക്കല്‍ കോളജില്‍ ബഹളം

മെഡിക്കല്‍ കോളജ്: എസ്എടി ആശുപത്രിയില്‍ നവജാതശിശുവിന്റെ മൃതദേഹം മാറിനല്‍കിയത് ബഹളത്തിനിടയാക്കി. കൊല്ലം സ്വദേശിനി പ്രിയങ്കയുടെ നാല്ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് മാറി നല്‍കിയത്.
യഥാര്‍ത്ഥ ബന്ധുക്കള്‍ തക്കസമയത്ത് എത്തിയത് കാരണം നവജാതശിശുവിന്റെ മൃതദേഹം തിരികെ ലഭിച്ചു. ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയാണ് കാരണമെന്നും ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും ആക്ഷേപമുണ്. എന്നാല്‍ മൃതദേഹം മാറിനല്‍കിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്രിയങ്കയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. രണ്ട് അബോര്‍ഷന്‍ കഴിഞ്ഞുള്ളതായിരുന്നു ഈ സാധാരണ പ്രസവം. ജനിച്ച് 4 ദിവസം കഴിഞ്ഞപ്പോള്‍ പാല് കുടിക്കുന്ന സമയത്ത് കുഞ്ഞ് അബോധാവസ്ഥയിലായി.
തുടര്‍ന്ന് നഴ്‌സറിയില്‍ അഡ്മിറ്റാക്കി കുഞ്ഞിന് തീവ്ര പരിചരണം നല്‍കി. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം രാത്രി മരണമടഞ്ഞു. രക്തത്തില്‍ അമോണിയയുടെ അളവ് കൂടുതലും ഹൃദയ സംബന്ധമായ അസുഖവും കുഞ്ഞിനുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള അബോര്‍ഷന് ശേഷമുള്ള കുട്ടിയുടെ മരണമായതിനാല്‍ ജനിതകമായ കാരണമാണോയെന്ന് മനസിലാക്കാനായി ബന്ധുക്കളുമായി സംസാരിക്കുകയും പത്തോളജിക്കല്‍ ഓട്ടോസ്പി പരിശോധനയ്ക്കായി അയയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷം പ്രിയങ്കയുടെ ബന്ധുവിനെ നഴ്‌സറിയിലേക്ക് വരാന്‍ അനൗണ്‍സ്‌മെന്റ് നല്‍കുകയും ചെയ്തു. അതനുസരിച്ച് പ്രിയങ്കയുടെ അച്ഛനെന്ന് പരിചയപ്പെടുത്തിയ ആള്‍ രേഖകള്‍ ഒപ്പിട്ട് വാങ്ങുകയും ഓട്ടോപ്‌സിക്കായി കുഞ്ഞിന്റെ മൃതദേഹം ആശുപത്രി ജീവനക്കാരനോടൊപ്പം പത്തോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങുകയും ചെയ്തു.
അപ്പോഴാണ് മറ്റൊരാള്‍ കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് എത്തിയത്. അന്വേഷണത്തില്‍ ആദ്യം അനുഗമിച്ചിരുന്ന ആളിന്റെ മകള്‍ ഇതേ പേരില്‍ എസ്എടി.യില്‍ പ്രസവ വിഭാഗത്തില്‍ ചികിത്സയിലാണ്. ആ രോഗിയുടെ പരിശോധനയ്ക്കായി ബന്ധുക്കളെ വിളിച്ച് കൊണ്ടും അനൗണ്‍സ്‌മെന്റ് ഉണ്ടായിരുന്നു.
ഈ തെറ്റിദ്ധാരണ ഇരുവിഭാഗം ബന്ധുക്കളേയും പറഞ്ഞ് മനസിലാക്കി പോലീസിന്റെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ മൃതദേഹം മേല്‍ നടപടിക്കായി വിട്ടുകൊടുത്തു.
Next Story

RELATED STORIES

Share it