ചോദ്യക്കടലാസ് ചോര്‍ച്ച: കര്‍ണാടക ചട്ടങ്ങള്‍ മാറ്റുന്നു

ബംഗളൂരു: 12ാം ക്ലാസ് രസതന്ത്രം പരീക്ഷയുടെ ചോദ്യക്കടലാസ് രണ്ടുതവണ ചോര്‍ന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പരീക്ഷാ ചട്ടങ്ങള്‍ മാറ്റുന്നതിനു നടപടികള്‍ തുടങ്ങി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനാണു നിയമങ്ങള്‍ മാറ്റുന്നതെന്ന് വിദ്യാഭ്യാസമന്ത്രി കിമ്മാണെരത്‌നാകര്‍ പറഞ്ഞു.
അതിനിടെ, ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് രണ്ടുതവണ മാറ്റിവച്ച പരീക്ഷ ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. 1.74 ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്. ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് മാര്‍ച്ച് 21ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് മാര്‍ച്ച് 31ന് പരീക്ഷ വീണ്ടും നടത്താനിരിക്കെ മണിക്കൂറുകള്‍ക്കു മുമ്പ് ചോദ്യക്കടലാസ് ചോര്‍ന്നു. ചൊവ്വാഴ്ച നടന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ രാവിലെയാണു തിരഞ്ഞെടുത്തത്. ചോര്‍ച്ച ഒഴിവാക്കാനായിരുന്നു അതെന്ന് മന്ത്രി അറിയിച്ചു.
ചോദ്യക്കടലാസ് ചോര്‍ച്ചയെക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രി ശരണ്‍ പ്രകാശ് പാട്ടീലിന്റെ പേഴ്‌സനല്‍ സ്റ്റാഫിലുള്ള ഒരു ഓഫിസറടക്കം അഞ്ചുപേരെ ഇതുസംബന്ധിച്ച് ഏജന്‍സി അറസ്റ്റ് ചെയ്തു. പ്രീ യൂനിവേഴ്‌സിറ്റി വകുപ്പിലെ 40 ഓഫിസര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഡയറക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അതിനിടെ ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ ചോദ്യക്കടലാസ് പരിശോധന ബഹിഷ്‌കരിക്കുന്നത് സര്‍ക്കാരിന് മറ്റൊരു തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it