thrissur local

ചൊവ്വന്നൂര്‍ ഗുഹ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘമെത്തി

കുന്നംകുളം: ചൊവ്വന്നൂര്‍ ഗുഹ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ പരിസരവാസികള്‍ പരാതികളുമായെത്തി. ഗുഹാ പരിസരത്ത് നി ര്‍മാണ പ്രവര്‍ത്തനം നടത്താനാകാത്തതിന്റെ ദുരിതം നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിവരിച്ചു.
2010 മുതല്‍ ഗുഹയുടെ പരിസരത്തുള്ള നിര്‍മാണ പ്രവൃത്തി തടഞ്ഞുകൊണ്ടുള്ള കേന്ദ്ര പുരാവസ്തു സംരക്ഷണ നിയമമാണ് പരിസരവാസികള്‍ക്ക് ദുരിതമായത്. കിണര്‍ കുഴിക്കുന്നതിനോ, കക്കൂസു പണിയുന്നതിനോ നിര്‍വാഹമില്ല. ഇവിടെയുള്ള 300ലേറെ പേരാണ് ദുരിതമനുഭവിക്കുന്നത്. തകര്‍ന്ന വീടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവാദമില്ലാത്തതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഗുഹാപരിസരത്ത് പരിശോധനയ്ക്കായി ഡല്‍ഹിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയതറിഞ്ഞ് മേഖലയിലെ ജനങ്ങള്‍ പരിസരത്ത് തടിച്ചുകൂടി. മെംബര്‍ സെക്രട്ടറി സലീം ഭഗ്ഗിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ഗുഹാ സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര്‍ പരാതിയുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്ന് നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. സംഭവത്തില്‍ നിയമപരമായി ഒട്ടേറെ തടസങ്ങളുണ്ടെന്നും ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുമായി ചര്‍ച്ച നടത്താമെന്നും നാട്ടുകാര്‍ക്ക് സലിം ഭഗ്ഗ് ഉറപ്പു നല്‍കി. വി എ രാജന്‍, സ്റ്റീഫന്‍ ജോര്‍ജ്, പ്രഭലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കാണാനെത്തിയത്.
Next Story

RELATED STORIES

Share it