thrissur local

ചൊവ്വന്നൂരില്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ അട്ടിമറിച്ച് എല്‍ഡിഎഫ് കൊടിപാറിച്ചു

കുന്നംകുളം: ചൊവ്വന്നൂരില്‍ യു ഡി എഫിന്റെ പ്രതീക്ഷകള്‍ അട്ടിമറിച്ച് എല്‍ഡിഎഫ് മികച്ച വിജയം നേടിയതിന്റെ കാരണം തിരയുകയാണ് യുഡിഎഫ് ക്യാംപ്. കൊടുങ്കാറ്റിന് പോലും തകര്‍ക്കാനാകാത്ത കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ മാന്തോപ്പ് വാര്‍ഡില്‍ ചുവപ്പു കാറ്റേറ്റത് ഇപ്പോഴും യുഡിഎഫിന് വിശ്വസിക്കനായിട്ടില്ലെന്നതാണ് വസ്തുത.
കേരളം മുഴുവന്‍ ഇടത് തരംഗം വീശിയാലും കൈപ്പത്തിക്ക് ഇവിടെ മൃഗീയ ഭൂരിപക്ഷം എന്ന പതിവു പല്ലവിക്ക് അടി തെറ്റിയതെങ്ങിനെയെന്നാണ് ഇരു ഗ്രൂപ്പുകളും തല പുകയുന്നത്.
ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനക്കാരായി. ഇടത് കോട്ടയായ ചെമ്മന്തിട്ട ഏഴാം വാര്‍ഡില്‍ ചെങ്കോട്ടക്ക് ഇളക്കം തട്ടുമാറായിരുന്ന പ്രചാരണം ഫലം കണ്ടപ്പോള്‍ എസ്ഡിപിഐ, ലീഗ് സ്ഥാനാര്‍ഥിയെ നാലാം സ്ഥാനക്കാരനാക്കി. ഇവിടെ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തിനും മുമ്പേ ഗ്രൂപ്പ് യോഗം ചേര്‍ന്ന് ശ്രദ്ധ നേടിയ ചൊവ്വന്നൂരില്‍ ഗ്രൂപ്പ് യോഗം നടത്താന്‍ പോലും പ്രാപ്തമായ ശക്തമായ സാന്നിധ്യമായിരുന്ന മാന്തോപ്പില്‍ തന്നെ അടിപതറിയതിന് പിന്നില്‍ ഗ്രൂപ്പ് തര്‍ക്കമാണെന്നാണ് വിലയിരുത്തുന്നത്. ബി ജെപിയുടെ സിറ്റിങ് സീറ്റായ കാണിപയ്യൂര്‍ വാര്‍ഡും ഇടത് തരംഗത്തിനൊപ്പം ചേര്‍ന്നു.
കേരളത്തില്‍ മിക്കയിടത്തും ബിജെപി പുതിയ അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ ചൊവ്വന്നൂരില്‍ നിലവിലെ സാന്നിധ്യവും നഷ്ടമായിരിക്കുകയാണ് ബി ജെ പിക്ക്. സിറ്റിംങ് സീറ്റ് ഒന്ന് നഷ്ടപെട്ടെങ്കിലും മറ്റ് രണ്ട് സീറ്റുകള്‍ പിടിച്ചെടുത്ത് യാതൊരു ആശങ്കക്കും ഇടനല്‍കാതെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ തവണ ആറ് സീറ്റുമായി വലിയ കക്ഷിയായി അധികാരമേറ്റെങ്കിലും അഞ്ച് സീറ്റുനേടിയ യുഡിഎഫും ഓരോ സീറ്റുവീതമുള്ള എസ്ഡി പി ഐ, ബിജെപിയും പ്രതിപക്ഷത്തായതോടെ നെഞ്ചിടിപ്പോടെയാണ് ഭരണം മുന്നോട്ട് നീങ്ങിയത്.
രണ്ടാം വര്‍ഷമെത്തിയ അവിശ്വാസപ്രമേയത്തെ നേരിടാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും വനിതാ മെമ്പറായ ചിത്ര വിനോഭാജിയെ കൂട്ടുപിടിച്ച് പ്രസിഡന്റ് പദവി നല്‍കിയാണ് ഭരണം നിലനിര്‍ത്തിയത്.
പിന്നീട് കൂറുമാറ്റചട്ട പ്രകാരം ചിത്ര വിനോഭാജി പുറത്തായപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുത്താണ് ഏഴ് അംഗങ്ങളുമായി അഞ്ച് വര്‍ഷം തികച്ചത്. ഇത്തവണ എന്തായാലും സുഖമമായി ഒറ്റക്ക് ഭരണം പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ അവസരം നല്‍കിയിരിക്കുകയാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും എല്‍ സി മെമ്പറുമായ കെ കെ സതീഷനായിരിക്കും പ്രസിഡന്റെന്നാണ് അിറയുന്നത്. രണ്ടാം വാര്‍ഡ് പുതുശ്ശേരിയില്‍ നിന്നും വിജയം നേടിയ എല്‍ സി അംഗം പി കെ ശാന്ത വൈസ് ചെയര്‍പേഴ്‌സനായേക്കുമെന്നാണ് പറയപ്പെടുന്നത്.
Next Story

RELATED STORIES

Share it