wayanad local

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ് നടപ്പായില്ല; അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു

മാനന്തവാടി: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സുരക്ഷ മുന്‍നിര്‍ത്തി മറ്റൊരു കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ ആവശ്യപ്പെട്ട അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ഏഴു കുട്ടികള്‍ കെട്ടിടത്തിനുള്ളിലെ മുറിയിലേക്ക് ഭക്ഷണം കഴിക്കാനായി കയറിയതു മൂലം വന്‍ ദുരന്തം ഒഴിവായി.
തരിയോട് പഞ്ചായത്തിലെ കാവുമന്ദം കണാഞ്ചേരിയിലെ അങ്കണവാടി കെട്ടിടത്തിന്റെ വരാന്തയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് ഇന്നലെ രാവിലെ 11ഓടെ തകര്‍ന്നുവീണത്. 16 കുട്ടികള്‍ സ്ഥിരമായുള്ള ഈ അങ്കണവാടിയില്‍ അപകടം നടക്കുമ്പോള്‍ ഒമ്പതു കുട്ടികളാണുണ്ടായിരുന്നത്. സാധാരണ പുറത്തെ വരാന്തയില്‍ കുട്ടികളെ ഇരുത്തിയാണ് അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ നടക്കാറുള്ളത്. ഇന്നലെ ഭക്ഷണം കഴിച്ച കുട്ടികളെ അകത്തേക്ക് കയറ്റിയിരുത്തിയ സമയത്തായിരുന്നു ദ്രവിച്ച മേല്‍ക്കൂര നിലംപതിച്ചത്. പൂരത്തറ മയൂഖ (നാല്), കുറ്റിയില്‍ താഹിര്‍ (മൂന്നര) എന്നീ കുട്ടികള്‍ക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ ചെന്നലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്കുശേഷം വിട്ടയച്ചു. ഒമ്പതു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഈ അങ്കണവാടി കഴിഞ്ഞ നാലു വര്‍ഷമായി സുരക്ഷിതമല്ലാത്ത വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി 2015 ജനുവരി 29ന് തരിയോട് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശത്തില്‍, യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത അങ്കണവാടി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശം പരിഗണിച്ച ഭരണസമിതി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായിട്ടും പകരം കെട്ടിടം കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. അങ്കണവാടി നിര്‍മിക്കാനായി ചിലര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും രാഷ്ട്രീയ വടംവലി കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ഏറ്റവും ഒടുവിലായി തിരഞ്ഞെടുപ്പിന് മുമ്പായി സ്ഥലം വിട്ടുനല്‍കാന്‍ പരിസരവാസി തയ്യാറായതായും തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ വൈകിയതാണെന്നും എത്രയും പെട്ടെന്ന് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it