Sports

ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു

ബെയ്ജിങ്: ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുറത്തായി. ഇന്നലെ നടന്ന പുരുഷ, വനിതാ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇരുവര്‍ക്കും അടിതെറ്റുകയായിരുന്നു.
ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. നേരത്തെ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ചൈനീസ് താരം ചെന്‍ ലോങിനോടാണ് ഏഴാം സീഡായ പ്രണോയ് തോല്‍വി വഴങ്ങിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ടോപ് സീഡ് കൂടിയായ ലോങിനെതിരേ പ്രണോയിയുടെ തോല്‍വി. സ്‌കോര്‍: 10-21, 15-21. മല്‍സരത്തില്‍ 46 മിനിറ്റ് കൊണ്ടാണ് ഇന്ത്യന്‍ താരം എതിരാളിക്കു മുന്നില്‍ മുട്ടുമടക്കിയത്. ലോങിനോട് വ്യത്യസ്ഥ ടൂര്‍ണമെന്റുകളിലായി ഇത് മൂന്നാം തവണയാണ് പ്രണോയ് തോല്‍വി സമ്മതിക്കുന്നത്.
അതേസമയം, നാലാം സീഡായ സിന്ധു തായ്‌ലന്‍ഡിന്റെ പോന്‍ടിപ് ബുറാനപസെര്‍റ്റ്‌സുകിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 17-21, 19-21. മല്‍സരം 38 മിനിറ്റ് കൊണ്ട് തായ്‌ലന്‍ഡ് താരം സ്വന്തമാക്കി.
എന്നാല്‍, ചൈനീസ് ജോടികളായ ലോ യിങ്-ലോ യു സഖ്യത്തോടാണ് ക്വാര്‍ട്ടറില്‍ ഗുട്ട-പൊന്നപ്പ ടീം തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍: 11-21, 14-21. മല്‍സരം 39 മിനിറ്റ് കൊണ്ട് തന്നെ ഇന്ത്യന്‍ സഖ്യം കൈവിടുകയായിരുന്നു.
Next Story

RELATED STORIES

Share it