ചൈന: പോലിസ് കസ്റ്റഡിയിലെ പീഡനം ക്രൂരം

ബെയ്ജിങ്: ചൈനയില്‍ പോലിസ് കസ്റ്റഡിയിലെടുക്കുന്നവര്‍ക്കു നേരിടേണ്ടി വരുന്നത് കടുത്ത പീഡനം.
മര്‍ദ്ദനത്തിനു പുറമെ വൈദ്യുതാഘാതമേല്‍പ്പിക്കല്‍, വെള്ളം നിറച്ച പാത്രം കൊണ്ടടിക്കല്‍, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, ചങ്ങലയില്‍ ബന്ധിച്ചു വരിഞ്ഞുമുറുക്കല്‍ തുടങ്ങിയ പീഡനമുറകളാണ് കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരേ പോലിസ് പ്രയോഗിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.
40 അഭിഭാഷകരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. സ്വന്തം കക്ഷികളെ സംരക്ഷിക്കുന്നതിനിടെ അഭിഭാഷകര്‍ക്കും മര്‍ദ്ദനമേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും സമാനമായ കണ്ടെത്തലുകള്‍ നേരത്തേ നടത്തിയിരുന്നു. ചൈനയിലെ മനുഷ്യാവകാശ നിലവാരം യുഎന്‍ പീഡനവിരുദ്ധ സമിതി അടുത്തയാഴ്ച വിലയിരുത്താനിരിക്കെയാണ് ആംനസ്റ്റി റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിച്ചെന്നാരോപിച്ച് 2008നു ശേഷം 1,321 പേരാണ് ഉന്നത നീതിന്യായവകുപ്പിനെ സമീപിച്ചത്. ഈ കേസുകളില്‍ 279 പോലിസുകാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it