ചൈനീസ് കണ്ടെയ്‌നര്‍ കപ്പലുകള്‍ കൊച്ചിയിലെത്തി

കൊച്ചി: കിഴക്കന്‍ രാജ്യങ്ങളായ ചൈന, കൊറിയ എന്നിവിടങ്ങളിലെ തുറമുഖങ്ങളെ കൊച്ചി തുറമുഖവുമായി ബന്ധിപ്പിച്ചുകൊണ്ട് ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ ചരക്കുകപ്പലാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ നങ്കൂരമിട്ടത്.
കൊച്ചിയില്‍ നിന്നു മടങ്ങുന്ന കപ്പല്‍ ചൈന, മലേസ്യ, കൊറിയ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്കാണു ചരക്കെത്തിക്കുക. ചൈനയിലെ ഷാങ്ഹായി, നിങ്‌ബോ, ചിവാന്‍ മലേസ്യയിലെ സിംഗപ്പൂര്‍, പോര്‍ട്ട് ക്ലാങ്, കൊറിയയിലെ ബുസാന്‍ എന്നിവിടങ്ങളിലും കപ്പല്‍ കണ്ടെയ്‌നറുകളെത്തിക്കും. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, ഡിണ്ടിഗല്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് ചരക്ക് കയറും. ചൈനയിലെ നിങ്‌ബോ, ചിവാന്‍ എന്നീ തുറമുഖങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവര്‍ക്ക് കൊച്ചിയില്‍ നിന്നുള്ള പുതിയ ചരക്കുകപ്പല്‍ സര്‍വീസ് ഏറെ സഹായകമാവും. നേരത്തെ ചൈനയിലെ പ്രധാന തുറമുഖമായ ഷാങ്ഹായില്‍ മാത്രം സര്‍വീസ് നടത്തിയിരുന്നിടത്ത് ഇപ്പോള്‍ ഉള്‍നാടന്‍ തുറമുഖങ്ങളായ നിങ്‌ബോ, ചിവാന്‍ എന്നിവിടങ്ങളില്‍ കൂടി നേരിട്ടു ചരക്കെത്തിക്കാനാവും എന്നതാണ് പുതിയ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഒരു പ്രധാന സവിശേഷത. വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴിയുള്ള ചരക്കുനീക്കം വേഗത്തിലാക്കിയതിനെത്തുടര്‍ന്ന് തിരുപ്പൂര്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ വല്ലാര്‍പാടത്തെത്തുന്നുണ്ട്.
എമിറേറ്റ്‌സ് ഷിപ്പിങ് ലൈന്‍, കെഎംടിസി, ആര്‍സിഎല്‍, ഹാന്‍ജിന്‍ എന്നീ നാലു ചരക്കുകപ്പല്‍ ഓപറേറ്റര്‍മാരുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമായ ഗാലെക്‌സ് കപ്പല്‍ സര്‍വീസിന് നേതൃത്വം നല്‍കുന്നത്. 6500 ടിഇയു സംഭരണശേഷിയുള്ള ഏഴ് വലിയ ചരക്കുകപ്പലുകളിലായിട്ടാണ് മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ ഓരോ ആഴ്ചയും ഗാലെക്‌സ് ചരക്കെത്തിക്കുന്നത്.
Next Story

RELATED STORIES

Share it