ചൈനയും തായ്‌വാനും ചര്‍ച്ച നടത്തി

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ചൈന-തായ്‌വാന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും തായ്‌വാന്‍ പ്രസിഡന്റും പരസ്പരം ഹസ്തദാനം നല്‍കിയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. നേരത്തേ ചൈനയുടെ ഭാഗമായിരുന്നു തായ്‌വാന്‍. 1949ലെ ചൈനീസ് ആഭ്യന്തരയുദ്ധത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
ഇരു രാജ്യങ്ങളുടെയും മൂല്യങ്ങളും ജീവിതരീതിയും പരസ്പരം മാനിക്കണമെന്നു മാ വ്യക്തമാക്കി. തങ്ങള്‍ ഒരു കുടുംബമാണെന്നു വ്യക്തമാക്കിയ സി ജിന്‍പിങ് തായ്‌വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ചരിത്രത്തിനു തുടക്കമായതായും ചരിത്രം ഈ ദിനത്തെ ഓര്‍മിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ പലതവണ നടന്നിട്ടുണ്ടെങ്കിലും രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടി ആദ്യമായാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഊഷ്മളമാക്കുകയും സമാധാനം നിലനിര്‍ത്തുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്നു തായ്‌വാന്‍ വക്താവ് അറിയിച്ചു.
ഉച്ചകോടിയില്‍ ഏതെങ്കിലും വിഷയത്തില്‍ കരാര്‍ ഒപ്പിടാനോ പ്രസ്താവന ഇറക്കാനോ ഉദ്ദേശിക്കുന്നില്ലെന്നു തായ്‌വാന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. 2008ല്‍ മാ യിങ് ജിയോ അധികാരമേറ്റടുത്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വന്നത്. 1949ല്‍ മാവോ സെ തുങിന്റെ നേതൃത്വത്തിലുള്ള സൈന്യം ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ചിയാങ് കൈഷക്കിന്റെ നേതൃത്വത്തില്‍ ദേശീയവാദികള്‍ തായ്‌വാനിലേക്ക് കടന്നത്.
Next Story

RELATED STORIES

Share it