Life Style

ചൈനയില്‍ മൂന്നിലൊന്ന് യുവാക്കളും പുകവലി മൂലം മരിക്കുന്നു

ബെയ്ജിങ്: ചൈനയില്‍ 20 വയസ്സില്‍ താഴെയുള്ള യുവാക്കളില്‍ മൂന്നില്‍ ഒരാള്‍ പുകവലി കാരണം മരിക്കുന്നതായി പഠനം. ദി ലാന്‍സെറ്റ് ആരോഗ്യമാസികയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ചൈനീസ് യുവാക്കളില്‍ മൂന്നില്‍ രണ്ടുഭാഗവും 20 വയസ്സിനു മുമ്പു തന്നെ പുകവലിക്കാന്‍ തുടങ്ങുന്നവരാണ്. ഇവരില്‍ പകുതിയും പുകവലിക്കടിമപ്പെട്ടാണ് മരണത്തിനു കീഴടങ്ങുന്നത്.
രാജ്യത്താകമാനം 15 വയസ്സിനു മുകളിലുള്ള ആയിരക്കണക്കിനു യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. 2010ല്‍ പുകവലി കാരണം ചൈനയില്‍ ദശലക്ഷത്തോളം പേര്‍ മരിച്ചതായാണു കണക്ക്. പുകവലി കാരണമുള്ള മരണം പകര്‍ച്ചവ്യാധിപോലെ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. അതേസമയം, സ്ത്രീകളില്‍ 2.4 ശതമാനം മാത്രമാണ് പുകവലി കാരണം മരിക്കുന്നത്.
ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി, ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ്, ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.

ചൈനയില്‍ പൊതുപരിപാടികളിലടക്കം യുവാക്കള്‍ കൂട്ടമായി പുകവലിക്കുന്നത് സാധാരണമാണ്.  ഭൂരിഭാഗം യുവാക്കളുടെയും സൗഹൃദങ്ങള്‍ ആരംഭിക്കുന്നതും ഇത്തരം പുകവലിയിലൂടെയാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സിഗരറ്റുകളാണ് യുവാക്കള്‍ സമ്മാനങ്ങളായി കൈമാറുന്നത്.  സാധാരണ ബ്രാന്‍ഡിലുള്ള സിഗരറ്റിന് രണ്ടര യുവാന്‍ വിലവരും.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ചൈനയില്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാരില്‍ 25 ശതമാനവും പുകവലി കാരണം ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. പുകവലിക്കാരില്‍ 10 ശതമാനം മാത്രമാണ് ഇതില്‍ നിന്നു പിന്തിരിയാന്‍ തയ്യാറാവുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it