World

ചൈനയിലെ മയക്കുമരുന്ന് നിര്‍മാണം നിയന്ത്രണാതീതം

ഹോങ്കോങ്: ചൈനയിലെ കൃത്രിമ മയക്കുമരുന്നു നിര്‍മാണം നിയന്ത്രിക്കാനാവുന്നതിലുമധികം ശക്തമെന്ന് യുഎന്‍ റിപോര്‍ട്ട്. പുതിയ തരത്തിലുള്ള മയക്കുമരുന്നുകളുടെ നിര്‍മാണം ചൈനയില്‍ വര്‍ധിച്ചുവരുകയാണ്. ഹെറോയിനിന്റെ 100 മടങ്ങിലധികം ശക്തിയേറിയ മയക്കുമരുന്നുകള്‍ ചൈനയില്‍ നിര്‍മിക്കപ്പെടുന്നു. ഹോങ്കോങില്‍ നിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ മയക്കുമരുന്നുകള്‍ കള്ളക്കടത്തു നടത്തുന്നതായും ആഗോളതലത്തില്‍ ഇവയുടെ വില്‍പന നടക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്ച ഹോങ്കോങ് നഗരത്തില്‍നിന്നു 1.3 കോടി ഡോളര്‍ വിലയുള്ള 95 കിലോ ഹെറോയിന്‍ പോലിസ് കണ്ടെടുത്തിരുന്നു. എന്നാല്‍, കൊക്കെയ്ന്‍ മാത്രമല്ല, നഗരത്തിലെ മയക്കുമരുന്നു രംഗത്തെ ഭരിക്കുന്നതെന്ന് ഹോങ്കോങ് സര്‍വകലാശാല പ്രഫസറും ഗവേഷകനുമായ കാരെന്‍ ജോ ലെയ്ഡ്‌ലെര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മയക്കുമരുന്നുപയോഗത്തില്‍ നാടകീയമായ മാറ്റമാണ് വന്നിട്ടുള്ളത്. ഹോങ്കോങ് കമ്പോളത്തില്‍ വില്‍ക്കപ്പെടുന്ന മയക്കുമരുന്നുകളുടെ വൈവിധ്യം വ്യക്തമാക്കുന്നത് അതാണ്- ലെയ്ഡ്‌ലെര്‍ പറഞ്ഞു.
മരുന്നുകള്‍ക്കും മയക്കുമരുന്നുകള്‍ക്കും വേണ്ട രാസവസ്തുക്കളുടെ ലോകത്തെ ഏറ്റവും വലിയ നിര്‍മാതാക്കളാണ് ചൈന. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ചൈനയില്‍ പുതിയ രീതിയിലുള്ള മയക്കുമരുന്നുകള്‍ നിര്‍മിക്കപ്പെടുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതുതായി കണ്ടെത്തുന്ന മയക്കുമരുന്നുകള്‍ക്ക് നിരോധനം കൊണ്ടുവരുന്നതിന് കാലതാമസം എടുക്കുമെന്നത് ഇവ തടയുന്നതിനു പ്രതിസന്ധിയാവുമെന്നാണ് പോലിസ് നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗങ്ങള്‍ പ്രതികരിച്ചത്.
ഫെന്റനൈല്‍ എന്ന വേദനസംഹാരിയില്‍ മാറ്റം വരുത്തി നിര്‍മിക്കുന്ന മയക്കുമരുന്ന് ചൈനയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണെന്നും ഇതിനു ഹെറോയിനിന്റെ 100 ഇരട്ടി ശക്തിയുണ്ടെന്നും യുഎന്‍ മയക്കുമരുന്നു കുറ്റകൃത്യ വിഭാഗം ഉദ്യോഗസ്ഥന്‍ തുന്‍ നേ സോ അറിയിച്ചു. ഇത്തരത്തില്‍ തയ്യാറാക്കുന്ന ഒരു മരുന്ന് നിരോധിച്ചാല്‍ അതില്‍നിന്നു ചെറിയ വ്യത്യാസങ്ങളോടു കൂടിയ പുതിയ മറ്റൊന്ന് നിര്‍മിക്കപ്പെടുന്നതാണ് ചൈനയിലെ മയക്കുമരുന്നു നിര്‍മാണ രംഗം നിയന്ത്രണാതീതമായി വളരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it