Kottayam Local

ചൈതന്യയില്‍ പടവലകൃഷിയ്ക്ക് നൂറുമേനി വിളവ്

കോട്ടയം: ജൈവ കൃഷി രീതി അവലംബിച്ച് പടവലകൃഷിയില്‍ നൂറുമേനി വിളവുകൊയ്ത് മാതൃകയാവുകയാണ് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കൃഷി കാര്‍ഷിക പ്രോല്‍സാഹന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചൈതന്യയില്‍ പടവലകൃഷി ആരംഭിച്ചതും മികച്ച വിളവ് നേടിയതും.
ചൈതന്യയില്‍ തന്നെ ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന മണ്ണിരവളവും ബയോഗ്യാസ് സ്ലെറിയും ഉപയോഗിച്ച് തികച്ചും ജൈവികമായാണ് പടവലകൃഷി നടത്തിയത്. തൃശ്ശൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ച പ്രീതി എന്ന ഇനം പടവലമാണ് ചൈതന്യയില്‍ കൃഷി ചെയ്ത്. 60 ദിവസം കൊണ്ട് കായ്ക്കുന്ന പടവലത്തില്‍ നിന്നും മൂന്നു മാസം വരെ വിളവെടുക്കാന്‍ സാധിക്കും. ചൈതന്യയിലെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതോടൊപ്പം ആവശ്യക്കാര്‍ക്ക് ന്യായ വിലയില്‍ ജൈവകൃഷിയില്‍ ഉല്‍പ്പാദിപ്പിച്ചെടുത്ത പടവലം കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ ചൈതന്യയില്‍ വിപണനവും നടത്തുന്നുണ്ട്. നിരവധി കൃഷി കാര്‍ഷിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ ചൈതന്യയില്‍ മാതൃകാ പോളിഹൗസ് യൂനിറ്റ്, കൂണ്‍ കൃഷി നിര്‍മാണ യൂനിറ്റ്, ബയോഗ്യാസ് യൂനിറ്റ്, മണ്ണിര കമ്പോസ്റ്റ് യൂനിറ്റ്, പച്ചക്കറി കൃഷിത്തോട്ടം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ വിവിധയിനം പച്ചക്കറി തൈകളും വിത്തുകളും, ഗ്രോ ബാഗുകളില്‍ നിറച്ച പച്ചക്കറി തൈകളും ചൈതന്യയില്‍ ലഭ്യമാണ്. ഭക്ഷ്യസുരക്ഷ വെല്ലുവിളിയായിമാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചൈതന്യയില്‍ സന്ദര്‍ശകരായി എത്തിച്ചേരുന്നവര്‍ക്ക് ഇത്തരത്തിലുള്ള കൃഷി കാര്യങ്ങള്‍ നേരിട്ട് കാണുന്നതിനും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വഭവനങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ആളുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എസ്എസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്ന് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it