Alappuzha local

ചേര്‍ത്തല- അരൂക്കുറ്റി റോഡ് ചോരക്കളമായി

പൂച്ചാക്കല്‍: മതിയായ വീതിയില്ലാത്തതിനാല്‍ ചേര്‍ത്തല- അരൂക്കുറ്റി റോഡ് ചോരക്കളമാവുന്നു.
അരൂക്കുറ്റി മാത്താനം ക്ഷേത്രം, കൊമ്പനാമുറി, ആയിരത്തെട്ട്, വടുതല ജങ്ഷന്‍ എന്നിവിടങ്ങളിലാണ് അപകടം പതിവായിരിക്കുന്നത്. അപകടത്തില്‍പ്പെടുന്നവരില്‍ കൂടുതലും ബൈക്ക് യാത്രികരാണ്. കഴിഞ്ഞ ദിവസം എറണാകുളം ചളിക്കവട്ടം സ്വദേശികളായ മാതാവും മകനും അപകടത്തില്‍പ്പെട്ടതാണ് അവസാന സംഭവം. നെടുപ്പള്ളിവെളി സലാമിന്റ ഭാര്യ നസീമ(43), മകന്‍ നുജൂം(22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. എതിരേ വന്ന എയ്‌സ് ലോറി റോഡിലെ കുഴിയില്‍ ചാടാതെ തിരിക്കുന്നതിനിടെ നസീമയും മകനും സഞ്ചരിച്ച ബൈക്കില്‍ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും എറണാക്കുളത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്.
ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ വടുതല മുതല്‍ അരൂക്കുറ്റി ഭാഗം വരെ മതിയായ വീതിയില്ലാത്തതാണ് അപകടത്തിന്റെ ആക്കം കൂട്ടുന്നത്. കഷ്ടിച്ച് ഒരു ബസ്സിന് പോകാവുന്ന വീതി മാത്രമാണ് റോഡിനുള്ളത്. ദിനേന നൂറ് കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്ന് പോവുന്നത്. അമിത വേഗതയിലെത്തി മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോഴാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്.
മാത്താനം, കൊമ്പനാമുറി, തൃച്ചാറ്റുകുളം തുടങ്ങിയ സ്ഥലങ്ങളിലെ കൊടും വളവുകളില്‍ ദിശാ ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. രാത്രി സമയങ്ങളില്‍ റോഡിലെ വളവ് ശ്രദ്ധയില്‍പെടാതെ വാഹനങ്ങള്‍ വീടുകളിലേക്കും മറ്റും ഇടിച്ച് കയറുന്നതും പതിവാണ്.
ബസ്സുക്കള്‍ക്ക് സ്റ്റോപുകളില്‍ പാര്‍ക്ക് ചെയ്യുന്നതിനും സംവിധാനമില്ല. അപകടങ്ങള്‍ തുടര്‍കഥയാവുന്ന സ്ഥലങ്ങളില്‍റോഡിന് വീതികൂട്ടണമെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it