ചേരിനിവാസികള്‍ കൊടും തണുപ്പില്‍; സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും പരസ്പരം പഴിചാരുന്നു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഉണ്ടായിരുന്ന കുടിലുകളും തകര്‍ത്ത് അധികൃതര്‍ ഭവനരഹിതരാക്കി തെരുവിലേക്ക് ഇറക്കിവിട്ട ആയിരക്കണക്കിനു മനുഷ്യര്‍ കൊടുംതണുപ്പിനോടു പോരാടുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാരുകളും പരസ്പരം പഴിചാരുന്ന തിരക്കില്‍. ശനിയാഴ്ച പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ചേരിപ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കുമെതിരേ വിമര്‍ശനവുമായി കോ ണ്‍ഗ്രസ്. ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ച പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എഎപിക്കും ബിജെപിക്കുമെതിരേ രൂക്ഷവിമര്‍ശനമാണു നടത്തിയത്.
കേന്ദ്രത്തിലെ മോദി സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന എഎപിയുമാണ് സംഭവത്തിന് ഉത്തരവാദികളെന്നു രാഹുല്‍ പറഞ്ഞു. ചേരിനിവാസികളെ പുനരധിവസിപ്പിക്കേണ്ട സര്‍ക്കാരുകള്‍ പരസ്പരം കുറ്റം ചുമത്തുകയാണ്. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുലിനെ പരിഹസിച്ച് മുഖ്യമന്ത്രി കെജ്‌രിവാള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. രാഹുല്‍ഗാന്ധി വെറും കുട്ടിയാണെന്നും റെയില്‍വേ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്ളതല്ലെന്ന് അദ്ദേഹത്തിനു നേതാക്ക ള്‍ പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ലെന്നുമായിരുന്നു കെജ്‌രിവാളിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസം.
അതേസമയം, ഡല്‍ഹി കടുത്ത ശൈത്യത്തിലേക്കു നീങ്ങുന്നതിനിടെ കുടിലുകള്‍ പൊളിച്ചുമാറ്റിയത് ഇവിടത്തെ ചേരിനിവാസികളുടെ ജീവിതം വളരെ ദുസ്സഹമാക്കി. ഡല്‍ഹിയില്‍ ഇന്നലെ രാവിലത്തെ താപനില ഏഴു ഡിഗ്രിയില്‍ താഴേയായിരുന്നു.
അതേസമയം, വിഷയം ഇന്നലെ ലോക്‌സഭയില്‍ ബഹളത്തിനിടയാക്കി. ആം ആദ്മി പാര്‍ട്ടി അംഗങ്ങളാണ് ഡല്‍ഹിയിലെ ഒഴിപ്പിക്കല്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. ആയിരങ്ങളെ തെരുവിലേക്കു തള്ളിയിട്ടതിനും ഒരു കുഞ്ഞ് മരിക്കാനും ഇടയായതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് എഎപി അംഗങ്ങ ള്‍ പറഞ്ഞു. എന്നാല്‍, മുന്‍കൂട്ടി അറിയിച്ചാണ് ചേരികള്‍ ഒഴിപ്പിച്ചതെന്നും കൈയേറ്റം ഒഴിപ്പിക്കുംമുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും അതില്‍ റെയില്‍വേക്ക് ഉത്തരവാദിത്തമില്ലെന്നും മന്ത്രി സുരേഷ് പ്രഭു മറുപടി ന ല്‍കി. അതിനിടെ, ഡല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it