wayanad local

ചെള്ളുകളെ നശിപ്പിക്കാന്‍ നിര്‍ദേശം

കല്‍പ്പറ്റ: ജില്ലയില്‍ ഈ വര്‍ഷവും കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. കുരങ്ങുപനി വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം. നവംബര്‍ മുതല്‍ മെയ് വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാവാം. രോഗബാധിതരായ കുരങ്ങുകളുമായി നേരിട്ടുള്ള സമ്പര്‍ക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരും. വളര്‍ത്തുമൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങള്‍ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
കന്നുകാലികളില്‍ ഒരു ശതമാനം വീര്യമുള്ള ഫഌമെത്രിന്‍ ലായനി ഉപയോഗിക്കാം. ഫഌപോര്‍, പോറോണ്‍ എന്നീ പേരുകളില്‍ 50 മില്ലിലിറ്റര്‍ കുപ്പികളിലും ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതല്‍ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. സൂര്യപ്രകാശം തട്ടിയാല്‍ തൊലിപ്പുറത്ത് അലര്‍ജിയാണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അതിരാവിലെയോ സന്ധ്യയ്‌ക്കോ ലേപനം പുരട്ടുന്നതാണ് നല്ലത്. ഒരു തവണ മരുന്ന് ഉപയോഗിച്ചാല്‍ 45 ദിവസത്തേക്ക് പ്രയോജനം ലഭിക്കും.
വളര്‍ത്തു നായകളില്‍ 12.5 ശതമാനം വീര്യമുള്ള ഡെല്‍ട്ടാമെത്രിന്‍ എന്ന മരുന്ന് ഉപയോഗിക്കണം. ബ്യൂട്ടോക്‌സ് 12.5 ശതമാനം എന്ന പേരില്‍ 15 മില്ലിലിറ്റര്‍ കുപ്പികളിലും മരുന്ന് ലഭ്യമാണ്. രണ്ടു മില്ലിലിറ്റര്‍ മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായകളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. രണ്ടാഴ്ച ഇടവേളയിലേ ഇത് ഉപയോഗിക്കേണ്ടതുള്ളൂ.
സുല്‍ത്താന്‍ ബത്തേരി, പൂതാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മൃഗാശുപത്രികള്‍ വഴിയും മരുന്ന് വിതരണം ചെയ്യുന്നുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളര്‍ത്തുനായകള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് ഉപയോഗിക്കണം.
വിശദവിവരങ്ങള്‍ക്കും സംശയനിവാരണത്തിനും അതാതു മൃഗാശുപത്രികളുമായി ബന്ധപ്പെടണം.
Next Story

RELATED STORIES

Share it