ചെല്‍സി, ഗണ്ണേഴ്‌സ് ഔട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാത്രമല്ല മറ്റു ടൂര്‍ണമെന്റുകളിലും ചെല്‍സിയുടെ കഷ്ടകാലം തുടരുകയാണ്. ഇംഗ്ലണ്ടിലെ ക്ലബ്ബുകള്‍ അണിനിരക്കുന്ന കാപിറ്റല്‍ വണ്‍ കപ്പിന്റെ (ഇംഗ്ലീഷ് ലീഗ് കപ്പ്) ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെല്‍സി പുറത്താ യി. മറ്റൊരു വമ്പന്‍മാരായ ആഴ്‌സനലിനും നാലാംറൗണ്ടില്‍ കാലിടറി. എന്നാല്‍ ഹള്‍ സിറ്റി, എവര്‍ട്ടന്‍ എന്നിവര്‍ പെനല്‍റ്റി ഷൂട്ടൗട്ട് കടമ്പ കടന്ന് ക്വാര്‍ട്ടറിലെത്തി.
പ്രീമിയര്‍ ലീഗിലെ തന്നെ ടീമായ സ്‌റ്റോക്ക് സിറ്റിയാണ് ഷൂട്ടൗട്ടില്‍ ചെല്‍സിയെ ഞെട്ടിച്ചത്. ഷൂട്ടൗട്ടില്‍ 5-4നായിരുന്നു സ്‌റ്റോക്കിന്റെ ജയം. ആദ്യ അഞ്ചു കിക്കുകളും സ്‌റ്റോക്ക് ഗോളാക്കിയപ്പോള്‍ നിര്‍ണായകമായ അഞ്ചാമത്തെ കിക്ക് ചെല്‍സി പ്ലേമേക്കര്‍ ഈഡന്‍ ഹസാര്‍ഡ് നഷ്ടപ്പെടുത്തി. ഹസാര്‍ഡിന്റെ പെനല്‍റ്റി സ്റ്റോക്ക് ഗോള്‍കീപ്പര്‍ ജാക് ബട്ട്‌ലാന്‍ഡ് ഡൈവിങ് സേവിലൂടെ കുത്തിയകറ്റുകയായിരുന്നു. ആദം, ഒഡെംവിംഗി, ശാക്വിരി, വില്‍സണ്‍, അര്‍നൗട്ടിച്ച് എന്നിവര്‍ സ്‌റ്റോക്കിനായി ലക്ഷ്യം കണ്ടപ്പോള്‍ വില്ല്യന്‍, ഓസ്‌കര്‍, റെമി, സൗമ എന്നിവരാണ് ബ്ലൂസിനായി ഷൂട്ടൗട്ടില്‍ ഗോള്‍ നേടിയത്.
നിശ്ചിതസമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യത പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യപകുതിയില്‍ ചെല്‍സിക്കായിരുന്നു ആധിപത്യമെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.
രണ്ടാംപകുതി തുടങ്ങി ഏഴു മിനിറ്റിനകം ചെല്‍സിയെ സ്തബ്ധരാക്കി ജൊനാതന്‍ വാള്‍ട്ടേഴ്‌സ് സ്‌റ്റോക്കിനു ലീഡ് നേടിക്കൊടുത്തു. മല്‍സരം ചെല്‍സി 0-1ന് കൈവിടുമെന്ന ഘട്ടത്തിലാണ് ഇഞ്ചുറിടൈമില്‍ ലോയ്ക് റെമി സമനില ഗോളിന് അവകാശിയാവുന്നത്.
കാപിറ്റല്‍ വണ്‍ കപ്പിലെ പുറത്താവലോടെ ചെല്‍സി കോച്ച് ജോസ് മൊറീഞ്ഞോയുടെ പരിശീലകസ്ഥാനം തെറിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കുമെന്നാണ് സൂചന. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ അടുത്ത കളിയിലും ചെല്‍സി തോല്‍ക്കുകയാണെങ്കില്‍ മൊറീഞ്ഞോയെ നീക്കുമെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സീസണില്‍ ഇതുവരെ 16 മല്‍സരങ്ങളില്‍ കളിച്ച ചെല്‍സി എട്ട് കളികളിലും പരാജയമേറ്റുവാങ്ങിയിരുന്നു.
അതേസമയം, പ്രീമിയര്‍ ലീഗില്‍ നിലവിലെ ഒന്നാംസ്ഥാനക്കാരെന്ന തലയെടുപ്പോടെയിറങ്ങിയ ആഴ്‌സനലിനെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഷെഫീല്‍ഡ് വെനസ്‌ഡേ 0-3ന് അട്ടിമറിക്കുകയായിരുന്നു. പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്‍കി പരീക്ഷണ ടീമിനെ ഇറക്കാനുള്ള ഗണ്ണേഴ്‌സ് കോച്ച് ആഴ്‌സന്‍ വെങറുടെ തീരുമാനം പാളുകയായിരു ന്നു. സ്വന്തം മൈതാനത്തു നടന്ന കളിയുടെ ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ ആഴ്‌സനല്‍ വലയിലെത്തിച്ച് ഷെഫീല്‍ഡ് വിജയമുറപ്പിച്ചിരുന്നു. റോസ് വാല്ലസ് (27ാം മിനിറ്റ്), ലൂക്കാസ് ജാവോ (40) എന്നിവരുടെ ഗോളുകളിലാണ് ആദ്യപകുതി അവസാനിക്കുമ്പോള്‍ ഷെഫീല്‍ഡ് 2-0നു മുന്നിലെത്തിയത്.
52ാം മിനിറ്റില്‍ സാം ഹച്ചിന്‍സ്റ്റണും നിറയൊഴിച്ചതോടെ ആഴ്‌സനലിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ അസ്തമിച്ചു. 13 വര്‍ഷത്തിനു ശേഷമാണ് ഷെഫീല്‍ഡ് ഈ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്ച എവര്‍ട്ടനെ തോല്‍പ്പിച്ച ടീമില്‍ ഒമ്പതു മാറ്റങ്ങളുമായാണ് ആഴ്‌സനല്‍ ഷെഫീല്‍ഡിനെതിരേ ഇറങ്ങിയത്. തോല്‍വിയോടൊപ്പം പ്രമുഖ താരങ്ങളായ തിയോ വാല്‍കോട്ട്, അലെക്‌സ് ഓക്‌സാല്‍ഡെ ചാംപര്‍ലെയ്ന്‍ എന്നിവര്‍ക്കു പരിക്കേറ്റത് ആഴ്‌സനലിന് മറ്റൊരു ആഘാതമായി.
എന്നാല്‍, എവര്‍ട്ടര്‍ നോര്‍വിച്ച് സിറ്റിയെയും ഹള്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെയുമാണ് ഷൂട്ടൗട്ടില്‍ 4-3നു മറികടന്നത്.
Next Story

RELATED STORIES

Share it