ചെല്‍സി കടന്ന് പിഎസ്ജി

പാരിസ്/ ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ ഫ്രഞ്ച് ജേതാക്ക ളായ പാരിസ് സെന്റ് ജര്‍മയ്ന്‍ കരുത്തുകാട്ടി. ഇംഗ്ലീഷ് ചാംപ്യന്‍മാരായ ചെല്‍സിയെ സ്വന്തം മൈതാനത്ത് പിഎസ്ജി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അടിയറവ് പറയിക്കുകയായിരുന്നു.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ചാംപ്യന്‍മാരായ ബെന്‍ഫിക്ക എതിരില്ലാത്ത ഒരു ഗോളിന് റഷ്യന്‍ ശക്തികളായ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ മറികടന്നു.
ഇബ്ര വീണ്ടും പിഎസ്ജി ഹീറോ
സ്വീഡിഷ് ഗോളടിവീരന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ മാസ്മരിക പ്രകടനമാണ് ഒരിക്കല്‍ക്കൂടി പിഎസ്ജിയുടെ രക്ഷയ്‌ക്കെത്തിയത്. ഈ സീസണില്‍ നിരവധി മല്‍സരങ്ങളില്‍ ടീമിന്റെ വിജയശില്‍പ്പിയായിട്ടുള്ള ഇബ്ര ചെല്‍സിക്കെതിരേയും ഇതാവര്‍ത്തിക്കുകയായിരുന്നു. ആദ്യ ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്താണ് ഇബ്ര ആരാധകര്‍ക്കു പ്രിയപ്പെട്ടവനായത്. വിജയഗോള്‍ നേടിയത് പകരക്കാരനായി ഇറങ്ങിയ എഡിന്‍സന്‍ കവാനിയായിരുന്നു. ജോണ്‍ ഒബി മിക്കേലാണ് ചെല്‍സിയുടെ സ്‌കോറര്‍.
തോറ്റെങ്കിലും ചെല്‍സിയുടെ പ്രകടനം മോശമായിരുന്നില്ല. താരനിബിഢമായ പിഎസ്ജിക്കെതിരേ ചെല്‍സി ഇഞ്ചോടിഞ്ച് പൊരുതി. നിര്‍ണായകമായ ഒരു എവേ ഗോള്‍ നേടാനായത് രണ്ടാംപാദത്തില്‍ ചെല്‍സിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. അടുത്ത മാസം ഒമ്പതിന് ചെല്‍സിയുടെ ഹോംഗ്രൗ ണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലാണ് രണ്ടാംപാദ മല്‍സരം.
സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോ കഴിഞ്ഞ നവംബറില്‍ പുറത്താക്കപ്പെട്ട ശേഷം ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ ആദ്യ കളി കൂടിയായിരുന്നു പിഎസ്ജിക്കെതിരേയുള്ളത്. മാത്രമല്ല പുതിയ കോച്ച് ഗസ് ഹിഡിങ്കിനു കീഴില്‍ ചെല്‍സിക്കു നേരിട്ട ആദ്യ പരാജയവുമാണിത്. ഇതിനു മുമ്പ് കളിച്ച 12 മല്‍സരങ്ങളിലും ബ്ലൂസ് തോല്‍വിയറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന കളിയില്‍ 39ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയാണ് ഇബ്ര പിഎസ്ജിയുടെ അക്കൗണ്ട് തുറന്നത്. താരത്തിന്റെ താഴ്ന്ന കിക്ക് ചെല്‍സി പ്രതിരോധത്തില്‍ തട്ടി ദിശമാറി വലയില്‍ പാഞ്ഞുകയറിയപ്പോള്‍ ഗോളി തിബോട്ട് കോട്‌വ നിസ്സഹായനായിരുന്നു.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ മിക്കേല്‍ ചെല്‍സിയെ ഒപ്പമെത്തിച്ചു. വലതുമൂലയില്‍ നിന്നുള്ള വില്ല്യന്റെ കോര്‍ണ ര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ പിഎസ്ജിക്കു പിഴച്ചപ്പോള്‍ പന്ത് ലഭിച്ച മിക്കേല്‍ അനായാസം വലകുലുക്കി.
78ാം മിനിറ്റിലായിരുന്നു മല്‍സരഗതി നിര്‍ണയിച്ച കവാനിയുടെ വിജയഗോള്‍. ഇബ്ര കൈമാറിയ പാസ് എയ്ഞ്ചല്‍ ഡി മ രിയ ചെല്‍സി പ്രതിരോധത്തിനു മുകളിലൂടെ കോരിയിട്ടപ്പോള്‍ വലതുമൂലയിലൂ ടെ ഓടിക്കയറിയ കവാനി ദുഷ്‌കരമായ ആംഗിളില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു.
ഇഞ്ചുറിടൈം ഗോളില്‍ ബെന്‍ഫിക്ക
സെനിത്തിനെതിരേ ഇഞ്ചുറിടൈമിലായിരുന്നു ബെന്‍ഫിക്കയുടെ വിജയഗോള്‍. മല്‍സരം ഗോള്‍രഹിതമായി പിരിയുമെന്ന് കരുതിയിരിക്കെയാണ് ജൊനാസിലൂടെ വിജയഗോള്‍ പിറന്നത്. ബോക്‌സിനുള്ളിലേക്ക് താഴ്ന്നിറങ്ങിയ നികോളാസ് ഗെയ്റ്റന്റെ ഫ്രീകിക്ക് താരം ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it