ചെല്‍സിക്ക് ഒമ്പതാം തോല്‍വി

ലണ്ടന്‍: നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കഷ്ടകാലം തുടരുകയാണ്. ടൂര്‍ണമെന്റിലെ അദുഭ്തടീമായി മാറിയ ലെസ്റ്റര്‍ സിറ്റിയോട് കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സി തോല്‍വിയേറ്റുവാങ്ങി. എവേ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജോസ് മൊറീഞ്ഞോയെയും സംഘത്തെയും ലെസ്റ്റര്‍ തറപറ്റിച്ചത്. സീസണില്‍ ബ്ലൂസിനു നേരിടുന്ന ഒമ്പതാമത്തെ പരാജയമാണിത്. വിജയത്തോടെ ലെസ്റ്റര്‍ ലീഗിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.
ലെസ്റ്ററിന്റെ ഗോള്‍മെഷീന്‍ ജാമി വാര്‍ഡി ഈ മല്‍സരത്തിലും വലകുലുക്കിയപ്പോള്‍ രണ്ടാം ഗോള്‍ മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ റിയാദ് മെഹ്‌റസിന്റെ വകയായിരുന്നു. 34ാം മിനിറ്റിലാണ് വാര്‍ഡി ലക്ഷ്യംകണ്ടത്. 48ാം മിനിറ്റില്‍ മഹ്‌റെസ് രണ്ടാം ഗോളും നിക്ഷേപിച്ചു. 77ാം മിനിറ്റില്‍ ലോയ്ക് റെമിയാണ് ചെല്‍സിയുടെ ഗോള്‍ മടക്കിയത്.
ഈ പരാജയത്തോടെ ചെല്‍സി കോച്ച് മൊറീഞ്ഞോയുടെ നിലനില്‍പ്പ് കൂടുതല്‍ പരുങ്ങലിലായി. 16 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ നാലു ജയവും മൂന്നു സമനിലയും ഒമ്പതു തോല്‍വിയുമടക്കം 15 പോയിന്റ് മാത്രമുള്ള ചെല്‍സി 16ാംസ്ഥാനത്താണ്. ലീഗിലെ തോല്‍വികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ചെല്‍സി മൂന്നാമതുണ്ട്. തരംതാഴ്ത്തല്‍ മേഖലയ്ക്ക് ഒരു പോയിന്റ് മാത്രം മുകളിലാണ് ചെല്‍സി.
അതേസമയം, 35 പോയിന്റോടെയാണ് ലെസ്റ്റര്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാമതുള്ള ആഴ്‌സനല്‍ രണ്ടു പോയിന്റ് പിറകിലാണ്.
Next Story

RELATED STORIES

Share it