ernakulam local

ചെല്ലാനത്ത് കടല്‍ക്ഷോഭം; വീടുകളില്‍ വെള്ളം കയറി: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

പള്ളുരുത്തി: തീരദേശവാസികളുടെ ഉറക്കം കെടുത്തി ചെല്ലാനത്ത് കടലിന്റെ കലി തുള്ളല്‍ തുടരുന്നു. തിങ്കളാഴ്ച തുടങ്ങിയ മഴയിലുണ്ടായ വേലിയേറ്റത്തെ തുടര്‍ന്ന് ആരംഭിച്ച കടല്‍കയറ്റം ഇന്നലെയും തുടര്‍ന്നു. തേക്കേ ചെല്ലാനത്തെ മാലാഖപ്പടി, മാളികപറമ്പ്, കമ്പനിപടി, ഗൊണ്ടുപറമ്പ്, ചാളക്കടവ്, അണ്ടിക്കടവ്, പുത്തന്‍തോട്, കണ്ടക്കടവ് തുടങ്ങിയ ഭാഗങ്ങളിലാണ് കടലില്‍ ശക്തമായ തിരയുണ്ടായത്.
കടല്‍ ആഞ്ഞടിച്ചതോടെ 60ഓളം വീടുകളില്‍ വെള്ളം കയറി. റോഡിലേക്കു വെള്ളം ഇരച്ച് കയറിയതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് തീരവാസികള്‍. വീടുകളിലെ ഗൃഹോപകരണങ്ങള്‍ വരെ ഒലിച്ചുപോയി. കടപ്പുറത്ത് സൂക്ഷിച്ച മല്‍സ്യത്തൊഴിലാളികളുടെ തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു.
കടല്‍ക്ഷോഭം തടയുന്നതിന് നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ സ്ഥലത്തെത്തി. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണല്‍തിട്ട നിര്‍മിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിക്കിടക്കുന്ന വെള്ളം ചാല്‍ കീറി ഒഴുക്കി കളയുന്നതിനുള്ള ജോലി ആരംഭിച്ചിട്ടുണ്ട്. സൗദി, മാനാശ്ശേരി, ബീച്ച് റോഡ് ഭാഗങ്ങളിലും കടല്‍ ശക്തമായിരുന്നു.
ദ്രോണാചാര്യ മാതൃകയിലുള്ള പുലിമുട്ടുകള്‍ നിര്‍മിക്കണമെന്ന തീരദേശവാസികളുടെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെടാത്തതില്‍ ഏറെ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. പുലിമുട്ടുകള്‍ കെട്ടിയാല്‍ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ കഴിയും. ഇത്തവണ കാലവര്‍ഷത്തിനു മുമ്പ് മണല്‍ ചാക്കുകള്‍ വിതരണം ചെയ്യുന്ന നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. സംഭവ സ്ഥലം ഡൊമിനിക് പ്രസന്റേഷന്‍, കെ ജെ മാക്‌സി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it