ചെലവ് ചുരുക്കാന്‍ ആഴ്ചയിലൊരു ടാപ്പിങ് നടത്തണമെന്ന് റബര്‍ ബോര്‍ഡ്

കോട്ടയം: റബര്‍വില താഴ്ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചെലവു ചുരുക്കുന്നതിനു വേണ്ടി കര്‍ഷകര്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പിങ് എന്ന രീതി സ്വീകരിക്കണമെന്നു റബര്‍ ബോര്‍ഡ്. റബര്‍തോട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെലവ് ടാപ്പിങ് ജോലിക്കാണ്. ഇപ്പോള്‍ കൃഷി ചെയ്തുവരുന്ന അത്യുല്‍പാദനശേഷിയുള്ള റബറിനങ്ങള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ടാപ്പു ചെയ്യാനാണ് റബര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത്.
ഇടവേള ഇതിലും കുറഞ്ഞാല്‍ മരങ്ങള്‍ക്കു പട്ടമരപ്പ് പിടിപെടാം. ശുപാര്‍ശയ്ക്കു വിരുദ്ധമായി മിക്ക കര്‍ഷകരും ഇപ്പോഴും ഒന്നി—ടവിട്ട ദിവസങ്ങളില്‍ ടാപ്പു ചെയ്യുന്നുണ്ട്. ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന ആഴ്ചയിലൊരിക്കല്‍ ടാപ്പിങ് രീതി കൂലി ലാഭിക്കാന്‍ സഹായകമാണ്. ടാപ്പര്‍മാരുടെ ക്ഷാമത്തിനും ഇത് ഒരു പരിധിവരെ പരിഹാരമാവും. ഒന്നിടവിട്ട ദിവസങ്ങളിലെ ടാപ്പിങ്ങില്‍ ഒരു ടാപ്പര്‍ക്ക് രണ്ടു ബ്ലോക്കാണ് ടാപ്പു ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പിങ്ങില്‍ ഇത് ഏഴു ബ്ലോക്കായി വര്‍ധിക്കും. ഈരീതി തുടരുമ്പോള്‍ മരങ്ങളില്‍ ഉത്തേജകൗഷധം പ്രയോഗിക്കേണ്ടതും അത്യാവശ്യമാണ്. രണ്ടര ശതമാനം വീര്യത്തില്‍ നേര്‍പ്പിച്ചതും പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്തതുമായ എത്തഫോണ്‍ എന്ന സസ്യഹോര്‍മോണാണ് ഉത്തേജകൗഷധമായി പ്രയോഗിക്കുന്നത്. ഉത്തേജകൗഷധപ്രയോഗത്തോടെ ആഴ്ചയിലൊരുദിവസം ടാപ്പു ചെയ്യുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലെ ടാപ്പിങ്ങില്‍ ലഭിക്കുന്നതിന് തുല്ല്യമായ വാര്‍ഷികാദായം ലഭിക്കുന്നതാണ്.
ഇന്നത്തെ സാഹചര്യത്തില്‍ റബറിന്റെ വില നിയന്ത്രിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുന്നത് അന്താരാഷ്ട്ര കമ്പോളത്തിലെ വിവിധ ഘടകങ്ങളാണ്.
കര്‍ഷകര്‍ക്ക് റബര്‍വിലയില്‍ നിയന്ത്രണങ്ങള്‍ പ്രായോഗികമല്ലെങ്കിലും ശാസ്ത്രീയ കൃഷിരീതികള്‍ വഴി ചെലവു ചുരുക്കാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനുമുള്ള ഒട്ടേറെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഇത്തരം കാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായി ജൂണ്‍ ആദ്യവാരം മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഒരു തീവ്ര പ്രചാരണപരിപാടി നടത്താന്‍ റബര്‍ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. റബറുല്‍പാദക സംഘങ്ങളുടെ സഹകരണത്തോടെ 1000 ചെറുയോഗങ്ങള്‍ വഴി ഒരു ലക്ഷത്തോളം കര്‍ഷകരിലേക്കു ചെലവുചുരുക്കലിന്റെയും ഉല്‍പാദനക്ഷമതാ വര്‍ധനയുടെയും സന്ദേശം എത്തിക്കാനാണ് റബര്‍ബോര്‍ഡ് ഉദ്ദേശിക്കുന്നത്. റബറുല്‍പാദക സംഘങ്ങളും റബര്‍കര്‍ഷകരും ഈ പ്രചാരണപരിപാടിയോടു പരമാവധി സഹകരിക്കണമെന്നു റബര്‍ബോര്‍ഡ് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it