ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അന്തരിച്ചു

കൊണ്ടോട്ടി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (79) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഒരുമാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ഇന്നലെ രാവിലെ ആറോടെയായിരുന്നു അന്ത്യം. കൊണ്ടോട്ടിയിലെ ഖാസിയാരകത്തെ ചെറുശ്ശേരി മുഹമ്മദ് മുസ്‌ല്യാര്‍-പാത്തുമുണ്ണി ദമ്പതികളുടെ നാലു മക്കളില്‍ ഏക മകനായ സൈനുദ്ദീന്‍ മുസ്‌ല്യാര്‍ സമസ്ത ഫത്‌വ കമ്മിറ്റി ചെയര്‍മാനാണ്.
ഭാര്യമാര്‍: മറിയം ഹജ്ജുമ്മ, ഖദീജ. മക്കള്‍: മുഹമ്മദ് റഫീഖ് (ജിദ്ദ), മുഹമ്മദ് സാദിഖ്, ഖദീജ, റൈഹാനത്ത്, ഫാത്തിമ. ചെമ്മാട് ദാറുല്‍ ഹുദ കാംപസ് മസ്ജിദിന് സമീപം തയ്യാറാക്കിയ സ്ഥലത്ത് വൈകീട്ട് ഖബറടക്കി. പിതാവ് മുഹമ്മദ് മുസ്‌ല്യാരും പിതാമഹന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കുഞ്ഞറുമുട്ടി മുസ്‌ല്യാര്‍ എന്നിവരും മതവിജ്ഞാന രംഗത്തെ പ്രഗല്‍ഭരായിരുന്നു. പിതാമഹരുടെ പാത പിന്തുടര്‍ന്നാണ് സൈനുദ്ദീന്‍ മുസ്‌ല്യാരുടെയും ജീവിതം. ഖാസിയാരകം പള്ളിയില്‍ പിതാവിന് കീഴിലായിരുന്നു മതപഠനം ആരംഭിച്ചത്. കൊണ്ടോട്ടി സ്‌കൂളില്‍ എട്ടാംക്ലാസ് വരെ ഭൗതിക വിദ്യാഭ്യാസം നേടി. പിന്നീട് മഞ്ചേരിയില്‍ രണ്ടുവര്‍ഷവും ചാലിയത്ത് ഒരുവര്‍ഷവും ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, ഓടക്കല്‍ സൈനുദ്ദീന്‍ മുസ്‌ല്യാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ മതപഠനം. പഠനകാലത്തുതന്നെ മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്ന അധ്യാപനരീതിയായിരുന്നു സൈനുദ്ദീന്‍ മുസ്‌ല്യാരുടേത്.
22ാം വയസ്സില്‍ കൊണ്ടോട്ടിക്കടുത്ത കോടങ്ങാട് ജുമഅത്ത് പള്ളിയില്‍ മുദരിസ്സായും ഖത്തീബായും സേവനം തുടങ്ങി. 19 വര്‍ഷം ഇതു തുടര്‍ന്നു. 1980ല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായ അദ്ദേഹം നിരവധി പള്ളികളുടെ ഖാസി സ്ഥാനം വഹിച്ചിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രോ വൈസ് ചാന്‍സലര്‍, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് മാനേജര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാരുടെ പിന്‍മുറക്കാരനായ ചെറുശ്ശേരിയെ സെനുല്‍ ഉലമ എന്നാണു വിശേഷിപ്പിച്ചിരുന്നത്. മദ്‌റസാ അധ്യാപകര്‍ക്കു പലിശരഹിത ക്ഷേമനിധി സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ചത് ചെറുശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.
Next Story

RELATED STORIES

Share it