kasaragod local

ചെറുശ്ശേരി വാക്കുകളില്‍ മിതത്വം പുലര്‍ത്തിയ വ്യക്തി

കാസര്‍കോട്: ഇന്നലെ വിടവാങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ വാക്കുകളില്‍ മിതത്വം പാലിച്ച് കര്‍മ രംഗത്ത് നിറസാന്നിധ്യമായ വ്യക്തിത്വത്തിനുടമയായിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഗാത പാണ്ഡിത്യത്തിനുടമയായിരുന്നു. അനുയായികള്‍ക്കിടയില്‍ സൈനുല്‍ ഉലമ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മതപരമായ കാര്യത്തില്‍ കര്‍ക്കശ നിലപാടുകാരനായിരുന്നു. എന്നാല്‍ വാക്കിലും പ്രവൃത്തിയിലും ഇദ്ദേഹം മിതത്വം പാലിച്ചു.
എതിരാളികളെ കുറിച്ച് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്താറില്ല. കാസര്‍കോട് ജില്ലയിലെ 35 ഓളം ജമാഅത്തുകളുടെ ഖാസിയായി കഴിഞ്ഞ 18 വര്‍ഷമായി ഇദ്ദേഹം പ്രവര്‍ത്തിച്ചുവരികയായിരുന്നു. തൃക്കരിപ്പൂര്‍, പടന്ന, ചെറുവത്തൂര്‍, ഈസ്റ്റ്എളേരി, വെസ്റ്റ് എളേരി, പെരുമ്പട്ട തുടങ്ങിയ മേഖലകളിലെല്ലാം ഇദ്ദേഹം ഖാസിയായിരുന്നു. ചന്തേര ടി കെ എസ് പൂക്കോയ തങ്ങള്‍ പ്രസിഡന്റായ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്തിന് കീഴിലായിരുന്നു ഖാസിയായി സേവനം അനുഷ്ടിച്ചിരുന്നത്. ഇരു സുന്നികളും തമ്മില്‍ അകല്‍ച്ച രൂക്ഷമായപ്പോഴും ഇദ്ദേഹം രൂക്ഷമായ വിമര്‍ശനത്തിനൊന്നും മുതിരാറില്ലായിരുന്നു. കാസര്‍കോട്ട് നടന്ന സമസ്ത സമ്മേളനത്തില്‍ മൂന്ന് ദിവസത്തോളം ഇദ്ദേഹം പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരാളായി.
കേരളത്തിലെ അറിയപ്പെടുന്ന ആത്മീയ പണ്ഡിതന്‍ കൂടിയായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍. ഖാസിയുടെ വിയോഗ വാര്‍ത്ത ജില്ലയിലെ ജനങ്ങളേയും ദുഖത്തിലാഴ്ത്തി. കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ മതപ്രഭാഷണ പരിപാടിക്കായിരുന്നു കഴിഞ്ഞമാസം ഇദ്ദേഹം ഒടുവിലായി ജില്ലയിലെത്തിയത്. പണ്ഡിതവര്യന്റെ അകാല വിയോഗത്തില്‍ തേങ്ങുകയാണ് ജില്ലയിലെ വിശ്വാസി സമൂഹം. പരേതന്റെ വിയോഗത്തില്‍ അനുശോചിച്ച് സമസ്ത മദ്‌റസകള്‍ക്ക് ഇന്നലെ അവധി നല്‍കി.
ചട്ടഞ്ചാല്‍ എംഐസി സ്ഥാപനത്തിനും അവധിയായിരുന്നു. ചെറുശ്ശേരിയുടെ നിര്യാണത്തില്‍ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ടി കെ എസ് പൂക്കോയ തങ്ങള്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സമസ്ത ജില്ലാ സെക്രട്ടറി യു എം അബ്ദുര്‍റഹ്മാന്‍ മൗലവി, കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി അനുശോചിച്ചു.
Next Story

RELATED STORIES

Share it