ചെറുവത്തൂര്‍ വിജയാബാങ്ക് കവര്‍ച്ച; വഴിത്തിരിവായത് ആസൂത്രിതമായ അന്വേഷണം

എ  പി  വിനോദ്

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയാബാങ്കില്‍ നിന്ന് 20 കിലോ സ്വര്‍ണവും 2.95 ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളെ പിടികൂടാനായത് പോലിസിന്റെ ശാസ്ത്രീയമായ അന്വേഷണമികവ്. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനായ കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ ലത്തീഫ് തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണു കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടത്തുന്നതിനുവേണ്ടി ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ താഴത്തെ നിലയിലെ ആറു മുറികള്‍ പ്രതികള്‍ വാടകയ്‌ക്കെടുത്തിരുന്നു.

ഇതു വാടകയ്‌ക്കെടുക്കാന്‍ ഏല്‍പ്പിച്ചത് കുടക് സ്വദേശിയെയായിരുന്നു. മഞ്ചേശ്വരം സ്വദേശി ഇസ്മായില്‍ എന്നു പരിചയപ്പെടുത്തിയാണ് റൂമുകള്‍ വാടകയ്‌ക്കെടുത്തത്. ചെരിപ്പുകട തുടങ്ങാനാണെന്നാണു പറഞ്ഞിരുന്നത്. ബാങ്കിന്റെ ഒന്നാംനിലയുടെ കോണ്‍ക്രീറ്റ് മുറിക്കാന്‍ നിയോഗിച്ചത് ഇടുക്കി സ്വദേശി രാജേഷ് മുരളിയെയാണ്. ഇയാളെ ജയിലില്‍ നിന്നാണ് ലത്തീഫ് പരിചയപ്പെട്ടത്.

കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചക്കേസിനു സമാനരീതിയില്‍ നടന്ന കവര്‍ച്ചയായതിനാലാണ് പോലിസ് അന്വേഷണം ആ വഴിക്കു നീങ്ങിയത്. ഓട്ടോ ഡ്രൈവറായ അബ്ദുല്‍ ലത്തീഫ് മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയത്. 2010 ഏപ്രില്‍ 16നു വെള്ളിയാഴ്ച ജ്വല്ലറി ജീവനക്കാര്‍ ജുമുഅ നമസ്‌കാരത്തിനു പോയ സമയത്തായിരുന്നു കവര്‍ച്ച നടത്തിയത്.

ഇതേപോലെ ബാങ്ക് അവധിയായ ശനി, ഞായര്‍ ദിവസങ്ങളിലാണ് വിജയാബാങ്കിലെ മോഷണത്തിനും തിരഞ്ഞെടുത്തത്. ലത്തീഫിനെ പിടികൂടിയിട്ടും മോഷണം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. എന്നാല്‍, മുറി വാടകയ്‌ക്കെടുത്ത സുലൈമാനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചയെക്കുറിച്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചത്. ഇയാള്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെനില വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നു.

ഈ കെട്ടിടത്തിന്റെ ഉടമസ്ഥനെ വിളിച്ച ഫോണ്‍കോളാണ് അന്വേഷണത്തിനു വഴിത്തിരിവായത്. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും അന്വേഷണത്തിനു സഹായകമായി. കേസന്വേഷണം വഴിതിരിച്ചുവിടാന്‍ ലത്തീഫ് ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, സൈബര്‍ സെല്ലിന്റെയും കണ്ണൂര്‍ ജില്ലയിലെ ഉള്‍പ്പെടെ യുള്ളപോലിസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് കവര്‍ച്ച നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
Next Story

RELATED STORIES

Share it