ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ചക്കേസില്‍ രണ്ടു പ്രതികളെകൂടി പോലിസ് അറസ്റ്റ് ചെയ്തു.  രാജേഷ് മുരളി (40), അബ്ദുല്‍ ഖാദര്‍(54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചുവരു തുരക്കുന്നതില്‍ വിദഗ്ധനാണ് അറസ്റ്റിലായ രാജേഷ് മുരളിയെന്നും അബ്ദുല്‍ ഖാദര്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ആളാണെന്നും പോലിസ് പറഞ്ഞു. കേസില്‍ ശേഷിക്കുന്ന പ്രതിയായ അഷ്‌റഫ് പിടിയിലായതായി സ്ഥിരീകരിക്കാത്തവിവരമുണ്ട്.

കവര്‍ച്ചക്കേസില്‍ മുഖ്യപ്രതിയായ അബ്ദുല്‍ ലത്തീഫ് 2013ല്‍ ഒരു കേസില്‍ ജയിലില്‍ കഴിയവെ പരിചയപ്പെട്ടതാണ് രാജേഷ് മുരളിയെ. 2013ല്‍ അര ക്വിന്റല്‍ കഞ്ചാവു പിടികൂടിയ കേസില്‍ മുരളിയെ കാസര്‍കോട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന രാജേഷ് മുരളിയും ബാങ്ക് കവര്‍ച്ചക്കേസിലെ മുഖ്യപ്രതി അബ്ദുല്‍ ലത്തീഫും ജയിലില്‍ വച്ചാണ് വിജയാ ബാങ്ക് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലിസ് പറഞ്ഞു. ബാങ്കിന്റെ താഴത്തെ നിലയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്ന് മുകളിലത്തെ സ്ലാബ് ഡ്രില്ലര്‍ ഉപയോഗിച്ചു തുരന്നത് രാജേഷ് മുരളിയാണെന്നും പോലിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ്, എസ് സുലൈമാന്‍ എന്ന ഇസ്മായീല്‍, മുബഷീര്‍, ബേര്‍ക്കയിലെ അബ്ദുല്‍ഖാദര്‍ എന്ന മനാഫ് എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഏഴംഗ സംഘമാണ് വിജയാ ബാങ്ക് കൊള്ളയടിച്ചത്. കവര്‍ച്ച ചെയ്ത 17.7 കിലോഗ്രാം സ്വര്‍ണവും പോലിസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതോടൊപ്പം നഷ്ടപ്പെട്ട 2.95 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ട്. നേരത്തെ പോലിസ് പറഞ്ഞിരുന്നത് 19.5 കിലോ സ്വര്‍ണമാണ് മോഷണം പോയത് എന്നായിരുന്നു. പോലിസ് ഇപ്പോള്‍ പറയുന്നത് 17.7 കിലോഗ്രാം സ്വര്‍ണമെന്നാണ്.
Next Story

RELATED STORIES

Share it