ചെറുകക്ഷികളെ പിണക്കാമോ?

ചെറുകക്ഷികളെ പിണക്കാമോ?
X
IMTHIHAN-SLUG-352x300ഇടതുപക്ഷ ജനാധിപത്യ മുന്നണി; കുറച്ചു കൂടി തെളിയിച്ചു പറഞ്ഞാല്‍ സിപിഎം എന്ന എകെജി സെന്റര്‍ വാഴും വല്ല്യമ്പ്രാന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പന്തിയില്‍ തങ്ങളോടൊപ്പം ഇലയിട്ടിരിക്കാവുന്ന യോഗ്യന്‍മാരായ മേത്തരം ഘടകകക്ഷികള്‍ക്കു തൂശനിലയില്‍ സദ്യയും എകെജി സെന്ററിന്റെ പിന്നാമ്പുറത്ത് കീറച്ചാക്കിട്ടിരിക്കുന്ന ദരിദ്രവാസികള്‍ക്കു കഞ്ഞി പാര്‍ച്ചയും നടത്തി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരിക്കുന്നു. സീറ്റ് വിഭജനത്തില്‍ സിപിഎം വളരെ ഉദാരമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. വലിയ പണച്ചെലവും അധ്വാനവും ആവശ്യമുള്ള തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കാന്‍ ചെറുകക്ഷികളെ നിര്‍ബന്ധിച്ച് അവരെ കഷ്ടത്തിലാക്കിയിട്ടില്ല. ആകെയുള്ള 140 സീറ്റില്‍ 92ലും മല്‍സരിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം പാര്‍ട്ടി ഒറ്റയ്ക്ക് ഏറ്റെടുത്തിരിക്കുന്നു. മുഴുവന്‍ സീറ്റിലും ഒറ്റയ്ക്കു മല്‍സരിക്കാനും ഭരണം പിടിച്ചെടുക്കാനുമുള്ള ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണെന്ന് ആരും കരുതേണ്ടതില്ല; കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വതസിദ്ധമായ ജനാധിപത്യബോധവും വിഎസ്-പിണറായി-കോടിയേരി സഖാക്കന്‍മാരുടെ ഭൂതദയാനുകമ്പയും സഹജീവി സ്‌നേഹവും അതിന് അനുവദിക്കാത്തതു കൊണ്ടാണ്.
ഇത്ര വിശാല മനസ്സും ഉദാരതയും പ്രദര്‍ശിപ്പിച്ചിട്ടും മുറുമുറുപ്പുകളും ഏങ്ങലടികളും എന്തിന് ഭീഷണിപ്രയോഗങ്ങള്‍ വരെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കേരം തിങ്ങും കേരള നാട്ടിലെ പഴയ പടക്കുതിര കെ ആര്‍ ഗൗരിയമ്മയും പൂഞ്ഞാറിലെ സിംഹം പി സി ജോര്‍ജും സുരേന്ദ്രന്‍ പിള്ളയുമാണ് ഓഹരിവയ്പില്‍ ഒന്നും ലഭിക്കാതെ വെറും കൈയോടെ മടങ്ങേണ്ടി വന്ന ഹതഭാഗ്യര്‍. അല്ലറചില്ലറ നക്കാപ്പിച്ചകള്‍ ലഭിച്ചെങ്കിലും അര്‍ഹമായതു കിട്ടിയില്ലെന്നു കരുതുന്ന അസംതൃപ്തര്‍ അനവധി.
ഒറ്റ സീറ്റിലും വിജയിക്കാനായില്ലെങ്കിലും കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം മൂന്നു സീറ്റില്‍ മല്‍സരിച്ചിരുന്നു ഗൗരിയമ്മയുടെ ജെഎസ്എസ്. ഐക്യജനാധിപത്യ മുന്നണിയിലെ ചവിട്ടും കുത്തും അപമാനവും അനുഭവിച്ചു സഹികെട്ടപ്പോഴാണു ഗൗരിയമ്മ കുഞ്ഞു കുട്ടി പരാധീനങ്ങളുമായി ഇന്ദിരാഭവന്റെ പടിയിറങ്ങിയത്. ഐക്യമുന്നണി വിട്ടു വന്നാല്‍ ഏറ്റെടുക്കാമെന്ന രേഖാമൂലമോ അല്ലാതെയോ ഉള്ള ഒരു ഉറപ്പും ആ ഘട്ടത്തില്‍ സിപിഎമ്മോ ഇടതുമുന്നണിയോ നല്‍കിയിട്ടില്ല എന്നതു ശരിയാണ്. പക്ഷേ, ഒരു കാലത്തു തങ്ങളുടെ ബദ്ധവൈരിയായിരുന്ന ഗൗരിയമ്മയെ സിപിഎം നേതാക്കള്‍ അവരുടെ വീട്ടില്‍ പോയി സന്ദര്‍ശിച്ചും രണ്ടു ദശകം മുമ്പ് പടിയിറങ്ങിപ്പോയ എകെജി സെന്ററില്‍ സ്വീകരിച്ചാനയിച്ചും ഗൗരിയമ്മയ്ക്ക് ഇടതുമുന്നണി പ്രത്യാശ നല്‍കി എന്നതു വാസ്തവമാണ്. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഇടതു പന്തിയില്‍ നിന്നു സദ്യ തരമാക്കി പായസവും കഴിച്ച് ഏമ്പക്കവും വിട്ട് രാത്രിക്കു രാത്രി വലതു മുന്നണിയിലേക്ക്; പോരാ, തന്റെ ആജന്മ ശത്രുവായി പ്രഖ്യാപിച്ചിരുന്ന കെ എം മാണിയുടെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായി പോയി നല്ല നെല്ലിയാമ്പതി കാട്ടുതേന്‍ ആവോളം കുടിച്ചു മത്തായപ്പോള്‍ അക്കരപ്പച്ച തേടി ബാര്‍ കോഴ ആയുധമാക്കി ഇടതുപാളയം ലക്ഷ്യമാക്കി തിരിച്ചു ചാടിയ പി സി ജോര്‍ജാണ് മറ്റൊരു അത്താഴപ്പട്ടിണിക്കാരന്‍. സഭ മുഴക്കിയ കേരളാ കോണ്‍ഗ്രസ്സുകളുടെ ലയനാഹ്വാനം കേട്ട് ആദ്യം പി ജെ ജോസഫും പിന്നെ താമരകൃഷിയില്‍ ആകൃഷ്ടനായി പിസി തോമസും ഇടതു മുന്നണി വിട്ടപ്പോഴും ഉറച്ചു നിന്ന കേരളാകോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം നേതാവ് സുരേന്ദ്രന്‍ പിള്ളയാണു ശേഷിക്കുന്ന മറ്റൊരു ദുരന്ത കഥാപാത്രം. ഇവരില്‍ ഗൗരിയമ്മയ്ക്കും പി സി ജോര്‍ജിനും തല്‍ക്കാലത്തേക്കെങ്കിലും വലതുമുന്നണിയെപ്പറ്റി ചിന്തിക്കുക സാധ്യമല്ല. അവരുടെ മുമ്പിലുള്ള രണ്ടു സാധ്യത ഒന്നുകില്‍ മുന്നണി രാഷ്ട്രീയം അടക്കി വാഴുന്ന കേരളത്തില്‍ ഒറ്റയ്ക്കു മല്‍സരിച്ച് രാഷ്ട്രീയ ആത്മഹത്യ വരിക്കുക, അല്ലെങ്കില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ കയറിപ്പറ്റുക എന്നതാണ്. രണ്ടാമത്തേതു സംഭവിക്കാന്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ സാധ്യത വളരെ കൂടുതലാണ്. വിപ്ലവ നായികയായിരുന്ന ഗൗരിയമ്മയ്ക്കു വാര്‍ധക്യകാലത്ത് ആരംഭിച്ച കൃഷ്ണഭക്തിയും നാരീ പൂജാ പ്രേമവും വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന്റെ എന്‍ഡിഎ പ്രവേശനവുമൊക്കെ പ്രായം തളര്‍ത്തിയ ആ ധീരവനിതയെ ചൂണ്ടയിടാന്‍ സംഘപരിവാരത്തിനു മതിയായ ആയുധങ്ങളാണ്. ഗൗരിയമ്മയുടെ ജെഎസ്എസിലെ മുന്‍ സഹപ്രവര്‍ത്തകന്‍ അഡ്വ. രാജന്‍ ബാബു മുഖാന്തരം ബിജെപി ഇതിനകം അവരെ സമീപിച്ചു കഴിഞ്ഞു. സിപിഎമ്മിനോടുള്ള അരിശം മൂത്തിട്ടാണെങ്കിലും ബിജെപിയോട് അസ്പൃശ്യതയില്ലെന്ന അവരുടെ വാചകം മതേതര കേരളത്തെ ഞെട്ടിക്കുന്നതാണ്. പി സി ജോര്‍ജാവട്ടെ മോദി അധികാരത്തിലേറുന്നതിനു മുമ്പേ മോദി ടീ ഷര്‍ട്ടുമായി ഒരു മുഴം മുന്നേ ഓടിയ കക്ഷിയാണ്. ഇടതു മുന്നണി വിടാന്‍ സഭകളുടെ വന്‍ സമ്മര്‍ദ്ദമുണ്ടായപ്പോഴും മുന്നണിയില്‍ ഉറച്ചു നിന്ന തന്നെ അതേ സഭയ്ക്കു വേണ്ടി തഴഞ്ഞ മുന്നണി നടപടി സുരേന്ദ്രന്‍ പിള്ളയേയും മാറ്റി ചിന്തിപ്പിച്ചേക്കുമെന്നാണു തിരുവനന്തപുരം സീറ്റില്‍ ഉറച്ചുനില്‍ക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
അത്തരമൊരു സാഹചര്യത്തെക്കുറിച്ച വിചിന്തനമാണ് ഇടതുമുന്നണിയുടെ അഥവാ സിപിഎമ്മിന്റെ സീറ്റ് വിഭജനം കേരളീയ സാമൂഹിക സാഹചര്യങ്ങളുടെ കൃത്യമായ വിലയിരുത്തലും തിരിച്ചറിവുകളും ഉള്‍ക്കൊണ്ടു കൊണ്ടായില്ല എന്നു തോന്നിപ്പിക്കുന്നതും മുന്നണിയുടെയും സജീവ രാഷ്ട്രീയത്തിന്റെയും പുറത്തു നില്‍ക്കുന്നവരെ ആശങ്കപ്പെടുത്തുന്നതും. ഓഹരിവയ്പ് അത് എവിടെയാണെങ്കിലും ഏതു കാര്യത്തിലാണെങ്കിലും മുറുമുറുപ്പുകള്‍ സ്വാഭാവികമാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന ഓഹരിവയ്പ് ഈ ദുനിയാവില്‍ സാധ്യവുമല്ല. പക്ഷേ, അന്നം മുടക്കാന്‍ നീര്‍ക്കോലിയും മതി എന്ന കാര്യം താമസിയാതെ കരഗതമാവുമെന്നുറപ്പിച്ചിരിക്കുന്ന ഭരണത്തിന്റെ സുഖാനുഭൂതിയെക്കുറിച്ച ചിന്തയില്‍ വിസ്മരിക്കുന്നതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും മുന്നണിക്കും മാത്രമല്ല മതേതര കേരളത്തിന്റെ നൈരന്തര്യം ആഗ്രഹിക്കുന്ന ആര്‍ക്കും നന്നല്ല. പ്രത്യേകിച്ചും കേന്ദ്ര ഭരണത്തിന്റെ ശീതളച്ഛായയില്‍ വളര്‍ന്നു പന്തലിക്കാന്‍ വെമ്പിക്കൊണ്ടിരിക്കുന്ന ഒരു മൂന്നാം മുന്നണി കേരളത്തില്‍ വേരുറപ്പിക്കാനുള്ള പണി പതിനെട്ടും പയറ്റുമ്പോള്‍.
ഈ കാലയളവിനുള്ളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലേക്കു പോയിട്ടുള്ള വ്യക്തികളേയും ചെറു പാര്‍ട്ടികളേയും പരിശോധിക്കുമ്പോള്‍ മാത്രമാണു വരാനിരിക്കുന്ന ആപത്തിന്റെ ഗൗരവം നമുക്കു ബോധ്യപ്പെടുക. ഒരു കാലത്ത് ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി സി തോമസാണ് എന്‍ഡിഎയിലേക്കുള്ള പോക്കിനു തുടക്കം കുറിച്ചത്. അന്ന് ഉത്തര കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറു പാര്‍ട്ടികളെ കൂട്ടി പി സി തോമസ് രൂപീകരിച്ച പാര്‍ട്ടിയെ എല്ലാവരും ഏതോ വളം നിര്‍മാണ കമ്പനിയെ പോലിരിക്കുന്നു എന്നു പറഞ്ഞു നിസ്സാരവല്‍ക്കരിച്ചു. പക്ഷേ, അതോടു കൂടി ക്രിസ്ത്യന്‍ സഭാ നേതൃത്വങ്ങളുമായി ബന്ധപ്പെടാന്‍ സംഘ പരിവാര ശക്തികള്‍ക്ക് ഒരു പാലം ലഭിക്കുകയായിരുന്നു എന്നതാണു വാസ്തവം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് എന്‍ഡിഎയിലേക്കു പോയ മറ്റൊരു പ്രമുഖ വ്യക്തിത്വമാണ് മുന്‍ ഐഎഎസ് ഓഫിസറും ഇടതുമുന്നണിയിലെ എംഎല്‍എയുമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം. അദ്ദേഹം ഇന്നു ബിജെപിയുടെ അഖിലേന്ത്യാ തലത്തിലുള്ള ഉയര്‍ന്ന നേതാവാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പാത നിരവധി പേരെ പ്രത്യേകിച്ചു ക്രൈസ്തവരെ എന്‍ഡിഎയിലേക്കാകര്‍ഷിക്കുന്നു.
എന്നാല്‍, ഈ പ്രവണത ഒരു വിഭാഗത്തില്‍ പരിമിതമല്ല. ഇക്കണക്കിനു പോയാല്‍ അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ജ്വരമായി ഇതു മാറാന്‍ അധിക സമയം വേണ്ടിവരില്ല. പേരില്‍ പോലും ജാതി-മത രഹിത വിപ്ലവം കുടികൊള്ളുന്ന ആര്‍എസ്പി അമീബയെ പോലെ പിളര്‍ന്നു പിളര്‍ന്നു പോയപ്പോള്‍ പ്രഫ. താമരാക്ഷന്‍ വിഭാഗം നേതൃത്വം നല്‍കുന്ന ആര്‍എസ്പി (ബി) എത്തിച്ചേര്‍ന്നത് എന്‍ഡിഎ സഖ്യത്തിലാണ്. കള്ളു കച്ചവടക്കാരന്‍ വെള്ളാപ്പള്ളിയുടെ കച്ചവടക്കണ്ണ്എന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിച്ചാലും ബിഡിജെഎസിലൂടെ ജാതി ഭേദം മതദ്വേഷം ഏതു മില്ലാതെ, സോദരത്വേന വാഴേണ്ട നാരായണീയരിലൊരു വിഭാഗവും ബ്രാഹ്മണ മതത്തിന്റെ ജാതീയമായ അത്യാചാരങ്ങള്‍ക്കെതിരേ പൊരുതിയ സാക്ഷാല്‍ അയ്യങ്കാളിയുടെ പാവനസ്മരണയില്‍ കെട്ടിപ്പടുക്കപ്പെട്ട പുലയ മഹാ സഭയുടെ കെപിഎംഎസ് ടി വി ബാബു വിഭാഗവും ഗൗരിയമ്മയുടെ ജെഎസ്എസ് അതിന്റെ പിളര്‍പ്പിന്റെ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ അഡ്വ. രാജന്‍ ബാബുവും കൂട്ടരും എത്തിച്ചേര്‍ന്നതും കാവിക്കൂടാരത്തില്‍ തന്നെ.
അവസാനമായി സി കെ ജാനുവും എന്‍ഡിഎ പാളയത്തിലെത്തിക്കഴിഞ്ഞു. കാവി പാര്‍ട്ടി വച്ചുനീട്ടുന്ന അപ്പക്കഷണങ്ങളില്‍ ചില മുസ്‌ലിം വിഭാഗങ്ങളുടെ വരെ കണ്ണുകളും ഉടക്കിപ്പോവുന്നതായാണല്ലോ സമീപ കാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ എന്‍ഡിഎയില്‍ എത്തിയവരും മൂന്നാം മുന്നണിയില്‍ നിന്നു വിളി കാത്തിരിക്കുകയും ചെയ്യുന്നവര്‍ ഈര്‍ക്കില്‍ പാര്‍ട്ടികളായേക്കാം. പക്ഷേ, കേരളം ചിറകെട്ടി തടഞ്ഞു നിര്‍ത്തിയ കാവിക്കൂടാരത്തിലേക്കുള്ള ഒഴുക്കിനെ തകര്‍ക്കാന്‍ ഈ കക്ഷികളുടെ മൂന്നാം മുന്നണിയിലേക്കുള്ള പോക്ക് ഇടവരുത്തും.
Next Story

RELATED STORIES

Share it