thrissur local

ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ല; ആവശ്യക്കാര്‍ ദുരിതത്തില്‍

ചാവക്കാട്: ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ ലഭിക്കാതായതോടെ ആവശ്യക്കാര്‍ ദുരിതത്തിലായി. 50, 20, 100 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ഇപ്പോള്‍ ലഭിക്കാത്തത്. ജനസര്‍ട്ടിഫിക്കറ്റ്, മരണസര്‍ട്ടിഫിക്കറ്റ് എന്നിവ പഞ്ചായത്തുകളില്‍നിന്ന് ലഭിക്കണമെങ്കില്‍ 50 രൂപയുടെ മുദ്രപ്പത്രമാണ് വേണ്ടത്. സഹകരണബാങ്കുകളില്‍ നിന്നോ, ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നോ വായ്പ ലഭിക്കണമെങ്കില്‍ 200 രൂപയുടേത് വേണം.
വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ 200 രൂപയുടെ മുദ്രപ്പത്രത്തിലാണ് ഉപഭോക്താവ് കരാര്‍ ഒപ്പിട്ട് നല്‍കേണ്ടത്. അക്ഷയകേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മുദ്രപ്പത്രം വേണം. എന്നാല്‍, 50 രൂപയുടെ മുദ്രപ്പത്രം ഉപയോഗിച്ച് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 1000 രൂപയുടേത് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.
വാഹനരജിസ്‌ട്രേഷനും വില്‍പ്പനക്കും അവശ്യംവേണ്ടത് 200 രൂപയുടെ മുദ്രപ്പത്രമാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടിവരുന്നത്. മുദ്രപ്പത്രം ലഭിക്കാത്തതിനാല്‍ ഭൂമി രജിസ്‌ട്രേഷനും ഇപ്പോള്‍ മന്ദഗതിയിലായിലായിരിക്കുകയാണ്.
സ്ഥലം വാങ്ങാനുള്ള താല്‍ക്കാലിക കരാര്‍ ഉണ്ടാക്കാനും മുദ്രപ്പത്രം വേണം. ഇതും അവതാളത്തിലായിരിക്കുകയാണ്. കുടുംബശ്രീകളില്‍ അംഗങ്ങളായവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സജീവമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് 50,000 രൂപ വീതം വായ്പ ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്.
നാല് കുടുംബശ്രീ അംഗങ്ങള്‍ സംയുക്തമായി പരസ്പരം ആള്‍ ജാമ്യത്തിലാണ് വായ്പ എടുക്കുന്നത്. ബാങ്കുമായി കരാര്‍ ഉണ്ടാക്കിയാലെ നല്‍കു. ഇതിന് 400 രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് വേണ്ടത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍നിന്നുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കും സബ്‌സിഡി ലഭിക്കുന്ന ഗ്രാന്റുകള്‍ക്കും ഗ്യാസ് സബ്‌സിഡി ലഭിക്കാനും ഖാദിഗ്രാമ വ്യവസായ വകുപ്പിന്റെ ആനുകൂല്യത്തിനും 200 രൂപയുടെ മുദ്രപ്പത്രം വേണം. മുദ്രപ്പത്രം കിട്ടാനില്ലാത്തതിനാല്‍ ആനുകൂല്യങ്ങളും സബ്‌സിഡിയും ലഭിക്കാത്ത സ്ഥിതിയാണ്.
Next Story

RELATED STORIES

Share it