ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം സിപിഎമ്മിലും മുന്നണിയിലും ഭിന്നത

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി  സിപിഎമ്മിലും മുന്നണിയിലും അഭിപ്രായഭിന്നത രൂക്ഷം. ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ച് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയപ്പോള്‍ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസകും രംഗത്തെത്തി. ചെറിയാന്‍ ഫിലിപ്പ് നിരുപാധികം മാപ്പു പറയണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. അതേസമയം, ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ഇന്ന് വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങള്‍ വരെ വിഷയം ഏറ്റെടുത്തിട്ടും പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാവാത്ത ചെറിയാന്‍ ഫിലിപ്പിന്റെ നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതല്ലെന്നും കോണ്‍ഗ്രസ് സംസ്‌കാരത്തെയാണ് പോസ്റ്റ് വിമര്‍ശിക്കുന്നതെന്നുമായിരുന്നു പിണറായിയുടെ ന്യായീകരണം. ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരോധിയാണെന്നു കരുതുന്നില്ലെന്നായിരുന്നു കോടിയേരിയുടെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസ്സിലെ പുരുഷനേതാക്കളുടെ സദാചാരത്തിന്റെ പേരില്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് വൃന്ദ കാരാട്ട് വ്യക്തമാക്കി.  അവഹേളനപരമായ പ്രസ്താവനയാണ് ചെറിയാന്‍ ഫിലിപ്പിന്റേതെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസകും കുറ്റപ്പെടുത്തി. ചെറിയാന്‍ ഫിലിപ്പിന് ജാഗ്രതക്കുറവുണ്ടായെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പിബി അംഗം എം എ ബേബി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു. സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ലെന്ന പ്രസ്താവനയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.
Next Story

RELATED STORIES

Share it