ചെര്‍ണോബില്‍ ദുരന്തത്തിന്റെ 30ാം വാര്‍ഷികം ആചരിച്ച് ഉക്രെയ്ന്‍

കിയേവ്: കിഴക്കന്‍ യൂറോപ്പിനെയാകമാനം വിഷമയമാക്കിയ ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ 30ാം വാര്‍ഷികം ഉക്രെയ്‌നില്‍ ആചരിച്ചു. 1986 ഏപ്രില്‍ 26നുണ്ടായ ദുരന്തത്തില്‍ വിഷവസ്തുക്കള്‍ വ്യാപകമായി അന്തരീക്ഷത്തിലേക്ക് പ്രസരിച്ചിരുന്നു. പതിനായിരത്തോളം ആളുകള്‍ക്കാണ് വീടുവിട്ടോടിപ്പോവേണ്ടിവന്നത്. സോവിയറ്റ് ഭരണ സംവിധാനങ്ങളുടെ പരാജയത്തിന്റെ ബാക്കിപത്രം കൂടിയായിരുന്നു ചെര്‍ണോബില്‍ ദുരന്തം.
മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ചെര്‍ണോബിലിനു ചുറ്റും 1.5 ശതകോടി യൂറോ ചെലവഴിച്ച് സ്റ്റീല്‍ ആവരണം നിര്‍മിക്കാനാണ് പദ്ധതി. അടുത്ത 100 വര്‍ഷത്തേക്ക് നിലയത്തില്‍ നിന്നുള്ള വികിരണ ചോര്‍ച്ച തടയുകയാണ് ഉക്രെയ്ന്‍ ലക്ഷ്യമാക്കുന്നത്. 40ലധികം സര്‍ക്കാരുകളുടെ ധന സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്ന് ഉക്രെയ്ന്‍ പ്രധാന മന്ത്രി വോളോഡൈമര്‍ ഗ്രോയിസ്മാല്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സോവിയറ്റ് യൂനിയനിലെ സാധാരണക്കാരും സൈനികരുമടങ്ങുന്ന അഞ്ചുലക്ഷത്തോളം പേര്‍ നിലയം വൃത്തിയാക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്നു. അപകടസമയത്ത് 31 തൊഴിലാളികളും അഗ്നിശമനസേനാംഗങ്ങളും മരിച്ചപ്പോള്‍ ബാക്കിവരുന്ന ഭൂരിഭാഗവും ആണവവികിരണം മൂലമുണ്ടായ അസുഖങ്ങള്‍ ബാധിച്ചാണ് മരിച്ചത്.
അപകടത്തിന് മൂന്നു പതിറ്റാണ്ടിനിപ്പുറവും അര്‍ബുദമടക്കമുള്ള അസുഖങ്ങള്‍ വ്യാപകമാണ്. അപകടം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
Next Story

RELATED STORIES

Share it