ചെയര്‍മാനായി തുടരണമെന്ന് യുഡിഎഫ്; വഴങ്ങാതെ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ചാണ്ടി തുടരണമെന്ന് യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന യുഡിഎഫ് ഏകോപനസമിതി യോഗം ഏകകണ്ഠമായാണ് ഈ ആവശ്യം മുന്നോട്ടുവച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, മുന്നണി നിര്‍ദേശത്തിന് ഉമ്മന്‍ചാണ്ടി വഴങ്ങിയില്ല. എഐസിസിയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍ സ്ഥാനത്തു തുടരുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന പൊതു അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. താനാണ് ഉമ്മന്‍ചാണ്ടി തുടരണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതെന്നും ചെന്നിത്തല പറഞ്ഞു. മറ്റ് കക്ഷിനേതാക്കളും ഇതിനെ പിന്തുണച്ചു. പ്രതിപക്ഷനേതാവ് തന്നെ മുന്നണി ചെയര്‍മാനാവുന്നതാണ് യുഡിഎഫിലെ കീഴ്‌വഴക്കം. അതുപ്രകാരം ചെന്നിത്തല തന്നെ മുന്നണി ചെയര്‍മാനായി വരണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഈ നിര്‍ദേശം യുഡിഎഫ് നേതൃത്വം അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യ ഉത്തരവാദിത്വം തനിക്കായതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും മുന്നണി ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കാന്‍ താനില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ വിപുലമായ യുഡിഎഫ് യോഗം ജൂലൈ ആദ്യവാരം ചേരുമെന്നും ചെന്നിത്തല പറഞ്ഞു. അതിനുമുമ്പ് യുഡിഎഫിന്റെ മണ്ഡലം, ജില്ലാ ഘടകങ്ങള്‍ ഫലം വിലയിരുത്തും. പാളിച്ച കണ്ടെത്തി അവ തിരുത്തി മുന്നോട്ടുപോവുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുകയെന്ന് ചെന്നിത്തല പറഞ്ഞു. കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി, ജെഡിയു അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ എന്നിവര്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിലെ തോ ല്‍വി സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നില്ല. തുടര്‍ന്നാണ് വിപുലമായ യോഗം ചേരാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും വീഴ്ചപറ്റി. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ പരിശ്രമിച്ചെന്നും യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it