ചെമ്പിരിക്ക ഖാസിയുടെ മരണം: അന്തിമ റിപോര്‍ട്ട് തള്ളി

കൊച്ചി: കടലില്‍ മരിച്ച നിലയില്‍ കെണ്ടത്തിയ ചെമ്പിരിക്ക മംഗലാപുരം ഖാസി സി എം അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന സിബിഐയുടെ അന്തിമ റിപോര്‍ട്ട് കോടതി തള്ളി. മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹരജി പരിഗണിച്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കമനീസ് മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു.
മൗലവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കടല്‍ത്തീരം വീടിന് ഒരു കിലോമീറ്റര്‍ അകലെയാണ്. രോഗ ബാധിതനായിരുന്ന മൗലവിക്ക് പരസഹായമില്ലാതെ കടല്‍ത്തീരം വരെ വരാന്‍ കഴിയുമായിരുന്നോയെന്ന് മെഡിക്കല്‍ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടിയ ശേഷം മാത്രമേ മരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താവൂയെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മൗലവിയുടെ അവസാന നിമിഷങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സൈക്കോളജിക്കല്‍ ഓട്ടോപ്‌സി ടെസ്റ്റ് പോലുള്ള വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കെണ്ടത്തിയത്.

അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടാല്‍  ഉത്തരവാദിത്തം ബാങ്കുകള്‍ക്ക്

കൊച്ചി: ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു ബാങ്കുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി. അക്കൗണ്ടുകളില്‍നിന്നു പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ കോടതി ഗൗരവമായി കണക്കിലെടുക്കുമെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ വ്യക്തമാക്കി.
ഓണ്‍ലൈന്‍ തട്ടിപ്പു വഴി ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം ചോര്‍ത്തുന്നതിനെതിരേ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ അക്കൗണ്ട് ഉടമയ്ക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടില്‍നിന്നു 5.5 ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ പോലിസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി കെ ബേസില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി നടപടി. തന്റെ അക്കൗണ്ടില്‍ ആകെ അവശേഷിച്ചിരുന്ന 5.5 ലക്ഷം രൂപയാണ് തട്ടിയെടുക്കപ്പെട്ടതെന്നും പണം ലഭിക്കാന്‍ നടപടിയില്ലെന്നും ഹരജിക്കാരന്‍ പരാതിപ്പെട്ടു. ഇതുവരെ അന്വേഷണം നടത്തിയതിന്റെ റിപോര്‍ട്ട് കോടതിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

മുന്‍ എസ്പിയുടെ മകന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: യുവാവിനെ ആക്രമിച്ച കേസില്‍ മുന്‍ എസ്പി കെ ബി ബാലചന്ദ്രന്റെ മകന്‍ നിഖിലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2015 സപ്തംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ നാലു കേസുകളില്‍ പ്രതിയാണെന്നും ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സി റഷീദ് നൂറനാട് ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. പ്രതിയെ പിടികൂടാന്‍ എത്തിയ പോലിസ് സംഘത്തെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ പിടിയിലായി.
Next Story

RELATED STORIES

Share it