kasaragod local

ചെമ്പം വയലില്‍ മലയോരത്തിന് പ്രതീക്ഷ നല്‍കി മിനി ജലവൈദ്യുത പദ്ധതി

കാഞ്ഞങ്ങാട്: മലയോരത്ത് മിനി ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഉദ്യോഗസ്ഥസംഘവും ജനപ്രതിനിധികളും പദ്ധതി നടത്തിപ്പ് സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഗ്രാമീണ വികസന ചെറുകിട വൈദ്യുതി പദ്ധതിക്കായി പനത്തടി പഞ്ചായത്തിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയാണ് പുളിംകൊച്ചി ചെമ്പംവയല്‍ ജലവൈദ്യുതി പദ്ധതിക്ക് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചത്. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപോര്‍ട്ട് കെഎസ്ഇബി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു.
പനത്തടി പഞ്ചായത്തിലെ റാണിപുരത്തിന് സമീപം പുളിംകൊച്ചി പ്രദേശമാണ് പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നാണ് കണ്ടെത്തിയത്. പുളിംകൊച്ചി പ്രദേശത്ത് നിന്നും ഒഴുകിവരുന്ന ജലം ചെമ്പംവയലില്‍ സംഭരിച്ച് അവിടെ നിന്നും ഒരു മീറ്റര്‍ വീതിയുള്ള കനാല്‍ വഴി ചെറുപനത്തടിയില്‍ എത്തിച്ച് മിനി ജലവൈദ്യുതി പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിയാണ് തയാറാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം കെഎസ്ഇബിയാണ് പദ്ധതി നടപ്പാക്കുന്നത്. 17 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ് 70 ശതമാനം കേന്ദ്ര സര്‍ക്കാരും 30 ശതമാനം ത്രിതലപഞ്ചായത്തുമാണ് വഹിക്കുന്നത്. പദ്ധതി ആരംഭിച്ചാല്‍ പ്രതിവര്‍ഷം 2.70 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. ഇതിനായി ഏഴു ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും പദ്ധതിക്ക് അംഗീകാരം കിട്ടുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാമെന്ന് പനത്തടി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, അംഗങ്ങളായ ഇ പത്മാവതി, എം നാരായണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, പഞ്ചായത്ത് അംഗങ്ങളായ എം സി മാധവന്‍, ജി ഷാജിലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി രാജുമോഹനന്‍, കെഎസ്ഇബി അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം കുഞ്ഞിരാമന്‍ എന്നിവര്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it