Sports

ചെന്നൈ ഫൈനലിനരികെ

പൂനെ: നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ തകര്‍ത്ത് ശക്തരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കന്നി ഫൈനലിനരികിലെത്തി. ഇന്നലെ പൂനെയിലെ ശിവ ഛത്രാപതി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലിലെ ഒന്നാംപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് കൊല്‍ക്കത്തയെ തരിപ്പണമാക്കിയാണ് ചെന്നൈ മന്നന്‍മാര്‍ കരുത്ത് കാട്ടിയത്.
ബ്രൂണോ പെലിശ്ശേരി (38ാം മിനിറ്റ്), ജെജെ ലാല്‍പെഖ്‌ലുവ (57), സ്റ്റീവന്‍ മെന്‍ഡോസ (68) എന്നിവരുടെ ഗോളുകളാണ് കൊല്‍ക്കത്തയ്‌ക്കെതിരേ ചെന്നൈക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. വിജയത്തോടെ ചെന്നൈ കലാശപ്പോരാട്ടത്തിന് അരികിലെത്തിയപ്പോള്‍ കനത്ത തോല്‍വി ചാംപ്യന്‍മാരുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായി.
ബുധനാഴ്ച കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ മൂന്ന് ഗോള്‍ മാര്‍ജിനില്‍ തോറ്റില്ലെങ്കില്‍ കണക്കിന്റെ കളി നോക്കാതെ തന്നെ മാര്‍കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈക്ക് കന്നി ഫൈനലിലേക്ക് ടിക്കറ്റെടുക്കാന്‍ സാധിക്കും. മല്‍സരത്തില്‍ പന്തടക്കത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഇരു ടീമും നടത്തിയത്. എന്നാല്‍, ആക്രമണത്തില്‍ കൊല്‍ക്കത്തയെ ബഹുദൂരം പിന്നിലാക്കിയ ചെന്നൈ മല്‍സരത്തില്‍ അര്‍ഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു.
ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പെലിശ്ശേരിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെയാണ് ചെന്നൈ കളിയില്‍ അക്കൗണ്ട് തുറന്നത്. ഫ്രീകിക്കെടുത്ത താരം ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഒരു പഴുതും നല്‍കാതെ നിറയൊഴിക്കുകയായിരുന്നു. ഗോളിയുടെയും പ്രതിരോധ നിരയുടെയും വീഴ്ചയാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. കൊല്‍ക്കത്ത ഗോളിയെ കബളിപ്പിച്ച് മെന്‍ഡോസ നല്‍കിയ പാസ് ലാല്‍പെഖ്‌ലുവ പ്രതിരോധ നിരക്കാരെ വെട്ടിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ലാല്‍പെഖ്‌ലുവ നല്‍കിയ മനോഹരമായ ക്രോസ് ലക്ഷ്യത്തിലെത്തിച്ചാണ് മെന്‍ഡോസ ചെന്നൈയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഇന്നു മല്‍സരമില്ല. നാളെ ഒന്നാം സെമി ഫൈനലിലെ രണ്ടാംപാദത്തില്‍ എഫ്‌സി ഗോവ ഡല്‍ഹി ഡയനാമോസിനെ എതിരിടും.
Next Story

RELATED STORIES

Share it