ചെന്നൈ: പകര്‍ച്ചവ്യാധി തടയാന്‍ തീവ്രശ്രമം

ചെന്നൈ: ചെന്നൈ നഗരത്തിലും പരിസരങ്ങളിലും മഴ ശമിച്ചതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാല്‍വിതരണം സാധാരണ നിലയിലായി. വിലകുറച്ച് പച്ചക്കറി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ചില്ലറവില്‍പന ശാലകള്‍ തുറന്നു. ആവശ്യക്കാര്‍ക്ക് പാചകവാതകവും മറ്റ് ഇന്ധനങ്ങളും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചു.
നിരവധി സര്‍ക്കാരിതര സംഘടനകളും സന്നദ്ധ സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വെള്ളം വലിഞ്ഞതോടെ നഗരത്തിലും പരിസരത്തും കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ചെന്നൈ കോര്‍പറേഷന്റെയും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തീവ്രശ്രമം നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങള്‍ തടയാനുള്ള മരുന്നുകള്‍ വിതരണം ചെയ്തു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ വിദ്യാലയങ്ങള്‍ ചൊവ്വാഴ്ചയും അടഞ്ഞുകിടന്നു. തീവണ്ടി, ബസ് സര്‍വീസുകള്‍ സാധാരണ നിലയിലായി.
ഇതിനിടെ ദുരിതാശ്വാസ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയച്ചു. എ പി സൂര്യപ്രകാശം എന്ന അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചത്. സന്നദ്ധ സംഘടനകളെ ചിലര്‍ പീഡിപ്പിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തമിഴ്‌നാട് റവന്യൂ സെക്രട്ടറി, ചെന്നൈ കോര്‍പറേഷന്‍ കമ്മീഷണര്‍, തമിഴ്‌നാട് മെട്രോപോളിറ്റന്‍ ജലവിതരണ മാനേജിങ് ഡയറക്ടര്‍, ആവിന്‍ മില്‍ക് ഉല്‍പാദക സൊസൈറ്റി മേധാവി എന്നിവര്‍ക്കാണു നോട്ടീസയച്ചത്. പരാതിയില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ അഡ്വക്കറ്റ് ജനറലോ അഡീഷണല്‍ അഡ്വക്കറ്റ് ജനറലോ ഹാജരാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസത്തെ വൈദ്യുതി ബില്ല് പിഴകൂടാതെ ജനുവരി 31നകം അടച്ചാല്‍ മതിയെന്നും ക്രിസ്മസ് പരീക്ഷ നീട്ടിവയ്ക്കാന്‍ വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജയലളിത അറിയിച്ചു.
Next Story

RELATED STORIES

Share it