Kerala

ചെന്നിത്തല പ്രതിപക്ഷനേതാവ്

ചെന്നിത്തല പ്രതിപക്ഷനേതാവ്
X
CHENNITHALA

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു. തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഇക്കാര്യം ഘടകകക്ഷികളെ ഔദ്യോഗികമായി അറിയിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചത്. വി ടി ബല്‍റാം, അടൂര്‍ പ്രകാശ്, വി ഡി സതീശന്‍ എന്നിവര്‍ പിന്താങ്ങി. ഐകകണ്‌ഠ്യേനയാണു തീരുമാനമെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി ഷീലാ ദീക്ഷിത് അറിയിച്ചു. മുകുള്‍ വാസ്‌നിക്, ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ദീപക് ബാബറിയ എന്നിവരാണു നിരീക്ഷകരായി യോഗത്തില്‍ പങ്കെടുത്തത്. അഞ്ചരമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ വെള്ളിയാഴ്ച തന്നെ അനൗദ്യോഗിക ധാരണയായിരുന്നു. അതേസമയം, ഇതിനെതിരേ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബറിയ വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതിപക്ഷനേതാവായി പുതുമുഖം വരട്ടേ എന്നായിരുന്നു  അദ്ദേഹത്തിന്റെ നിലപാട്. ഇതോടെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായി. എല്ലാ എംഎല്‍എമാരെയും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായസമാഹരണം നടത്തിയ ശേഷമാണു പ്രഖ്യാപനമുണ്ടായത്. ഇതിനിടെ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കഴിഞ്ഞദിവസം കൈക്കൊണ്ട ധാരണ പരസ്യമായതില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ വൈകിയാണു യോഗത്തിനെത്തിയത്. ഇതിനെതിരേ കെപിസിസി പ്രസിഡന്റിന് കഴിഞ്ഞദിവസം മുരളീധരന്‍ കത്തും നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കേ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ ഉപനേതാവിനെയും തിരഞ്ഞെടുത്തതിലായിരുന്നു മുരളീധരന്റെ പ്രതിഷേധം. യോഗത്തില്‍നിന്നു വിട്ടുനിന്ന മുരളീധരന്‍, വി എം സുധീരന്‍ നേരിട്ട് ഫോണില്‍ വിളിച്ച് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് ഇന്ദിരാഭവനിലേക്ക് തിരിച്ചെത്തിയത്.
Next Story

RELATED STORIES

Share it