ചെന്നിത്തലയുടെ 'ദോശ' പരാമര്‍ശം: സ്പീക്കര്‍ സഭയില്‍ നിന്നു വിട്ടുനിന്നു

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരസ്യവിമര്‍ശനത്തില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ ജി ശക്തന്‍ നിയമസഭാ നടപടികളില്‍ നിന്നു വിട്ടുനിന്നു. ഇന്നലെ രാവിലെ ചോദ്യോത്തര-ശൂന്യവേളകള്‍ ബഹിഷ്‌കരിച്ച സ്പീക്കര്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മാത്രമാണ് ചെയറിലെത്തിയത്.
ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോകേണ്ടതിനാല്‍ സഭാനടപടികള്‍ നാലരയോടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും സ്പീക്കറുമായി ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. പ്രവാസിക്ഷേമ ബില്ല് ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള സ്പീക്കറുടെ ഇടപെടലിനെതിരെയായിരുന്നു ചെന്നിത്തലയുടെ രോഷപ്രകടനം. ദോശ ചുട്ടെടുക്കുന്നതുപോലെ നിയമനിര്‍മാണം സാധ്യമല്ലെന്നും ചര്‍ച്ചകളിലൂടെയാണ് നിയമം പാസാക്കേണ്ടതെന്നും സ്പീക്കര്‍ സഭാനടപടികള്‍ വ്യക്തമായി പഠിക്കണമെന്നുമായിരുന്നു വിമര്‍ശനം. പൊതുധാരണയ്ക്കു വിരുദ്ധമായി തന്നെ വിമര്‍ശിച്ച ചെന്നിത്തലയുടെ നടപടി ജി ശക്തനെ ചൊടിപ്പിച്ചു. വിമാനത്താവളത്തില്‍ വച്ച് മുഖ്യമന്ത്രിയോടും ചെന്നിത്തലയോടും അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തു.
ധാരണയുടെ കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. തനിക്കുണ്ടായ തെറ്റിദ്ധാരണ ചൊവ്വാഴ്ച തന്നെ മാധ്യമങ്ങളെ കണ്ട് വ്യക്തമാക്കാമെന്നു ചെന്നിത്തല ഉറപ്പുനല്‍കിയതായും സ്പീക്കറോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍, മാധ്യമങ്ങളെ കണ്ടെങ്കിലും ഇക്കാര്യത്തില്‍ ചെന്നിത്തല മൗനം പാലിച്ചു. തുടര്‍ന്നാണ് സഭാനടപടികളില്‍ നിന്ന് സ്പീക്കര്‍ വിട്ടുനിന്നത്.
നിയമസഭയിലെ തന്റെ ഓഫിസില്‍ രാവിലെത്തന്നെ എത്തിയെങ്കിലും ശക്തന്‍ സഭയ്ക്കുള്ളിലേക്കു കടന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭാനടപടികള്‍ നിയന്ത്രിച്ചത്. ദൃശ്യമാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ് തുടങ്ങിയവര്‍ സ്പീക്കറെ നേരിട്ടു കണ്ട് അനുനയശ്രമങ്ങള്‍ നടത്തി. രമേശ് ചെന്നിത്തല ഫോണിലൂടെ തന്റെ നിലപാട് വിശദീകരിച്ചു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ സഭയില്‍ തിരിച്ചെത്തുകയായിരുന്നു.
പൊതുധാരണയെക്കുറിച്ച് അറിയാത്തതിനാലാവണം ചെന്നിത്തല അത്തരത്തില്‍ പ്രതികരിച്ചതെന്ന് മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഐ ഗ്രൂപ്പിലായിരുന്ന ശക്തന്‍ കഴിഞ്ഞ കുറേ നാളുകളായി എ ഗ്രൂപ്പുമായി പുലര്‍ത്തുന്ന അടുപ്പമാണ് ശക്തനെതിരായ ചെന്നിത്തലയുടെ പരസ്യ പ്രതികരണത്തിനു കാരണമെന്നാണ് സൂചന.
Next Story

RELATED STORIES

Share it