palakkad local

ചെത്തല്ലൂര്‍ സംഘര്‍ഷം: വീടുകളില്‍ പോലിസ് അതിക്രമം തുടരുന്നു; എസ്ഡിപിഐ നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: ചെത്തല്ലൂരില്‍ പോലിസിന്റെ അതിക്രമം ഭയന്ന് ആളുകള്‍ നാടു വിട്ടതിനെ തുടര്‍ന്ന് ചെത്തല്ലൂര്‍ ജുമാ മസ്ജിദില്‍ ജുമുഅ മുടങ്ങി. ചെത്തല്ലൂരില്‍ കഴിഞ്ഞ ദിവസം പോലിസ് നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.
ഈ കേസില്‍ പ്രതി ചേര്‍ക്കാനായി പോലിസ് വീടുകളില്‍ തിരച്ചില്‍ നടത്തുകയാണ്. ഇത് ഭയന്നാണ് പുരുഷന്‍മാര്‍ വീട് വിട്ടിരിക്കുന്നത്. കണ്ടവരെയെല്ലാം പ്രതിയാക്കുന്ന സ്ഥിതിയാണ് ചെത്തല്ലൂരിലുള്ളത്. ഇതാണ് നിരപരാധികള്‍ ഉള്‍പ്പെടെ നാടു വിടാന്‍ കാരണം.
പ്രദേശത്തെ മിക്ക വീടുകളിലും പുരുഷന്‍മാരില്ല. ഇവിടങ്ങളിലെല്ലാം പോലിസ് തിരച്ചില്‍ തുടരുകയാണ്. ഇതിനെതിരെ പ്രദേശത്ത് അമര്‍ഷം നിലനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചത്.
അക്രമത്തില്‍ ആറ് പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പോലിസ് വാഹനങ്ങള്‍ തകര്‍ക്കുകയും ഉണ്ടായി. തുടര്‍ന്ന് പോലിസ് നടത്തിയ ലാത്തി ചാര്‍ജില്‍ സാധാരണക്കാരും നിരപരാധികളായ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാവുവട്ടത്തുണ്ടായ സിപി എം- ബിജെപി സംഘര്‍ഷമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സംഘര്‍ഷം അറിഞ്ഞെത്തിയ പോലിസ് കാവുവട്ടത്ത് നിന്ന് മൂന് കിലോ മീറ്റര്‍ അപ്പുറത്തുള്ള ചെത്തല്ലൂരിലാണ് ലാത്തി വീശിയതും നാട്ടുകാരുടെ വാഹനങ്ങള്‍ തകര്‍ത്തതും. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
പോലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായ സാഹചര്യത്തില്‍ പോലിസ് മാപ്പ് പറയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പോലിസ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് അടുത്ത ദിവസം ഉച്ചയ്ക്ക്‌ശേഷം ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ജനകീയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വീണ്ടുമുണ്ടായ സംഘര്‍ഷത്തിലാണ് പോലിസുകാ ര്‍ക്ക് പരിക്കേറ്റത്. സംഭവ സ്ഥലത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡി പിഐ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഷംസുദ്ദീന്‍, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം യൂസഫ് അലനല്ലൂര്‍, ലൈല, സിറാജുദ്ദീന്‍, അഷറഫ്, അലി എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് നാട്ടുകാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. എന്നാല്‍ പോലിസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അക്രമം പടരാതിരിക്കാന്‍ പോലിസ് എടുത്ത മുന്‍ കരുതലുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് കാരണമെന്നുമാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it