Kerala

ചെഞ്ചായമണിഞ്ഞ് തെക്കന്‍ കേരളം: 32ല്‍ എല്‍ഡിഎഫ്

ചെഞ്ചായമണിഞ്ഞ് തെക്കന്‍ കേരളം: 32ല്‍ എല്‍ഡിഎഫ്
X
ldfനിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കേരളത്തിലുണ്ടായ എല്‍ഡിഎഫ് തരംഗത്തില്‍ തെക്കന്‍ കേരളവും ചെഞ്ചായമണിഞ്ഞു. വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആകെയുള്ള 39 സീറ്റുകളില്‍ 32 എണ്ണവും പിടിച്ച് എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. കഴിഞ്ഞതവണ 24 സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫാണ് എട്ട് സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് യുഡിഎഫിന് കനത്ത തിരിച്ചടി നല്‍കിയത്. ആറു സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന്റെ സമ്പാദ്യം. 10 സിറ്റിങ് സീറ്റുകളും യുഡിഎഫിനെ കൈവിട്ടു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ആര്‍എസ്പി മല്‍സരിച്ച നാലു സീറ്റുകളിലും പരാജയപ്പെട്ടു.
തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് യുഡിഎഫിന് കുറച്ചെങ്കിലും ആശ്വസിക്കാനുള്ളത്. ഇവിടെ നാലു സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. തലസ്ഥാന ജില്ലയിലെ നേമത്ത് എന്‍ഡിഎക്ക് താമര വിരിയിക്കാനായി എന്നതാണ് ശ്രദ്ധേയമായ കാര്യം. അതേസമയം വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തിയ എന്‍ഡിഎക്ക് നിരാശയായിരുന്നു ഫലം. എന്‍ഡിഎ സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ 8,671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് എംഎല്‍എ ആയ എല്‍ഡിഎഫിന്റെ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. 2011ല്‍ മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാതിരുന്നിട്ടും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജെഡിയുവിന്റെ ചാരുപാറ രവി 20,248 വോട്ടുകളാണ് നേടിയത്. അതുകൊണ്ടുതന്നെ യുഡിഎഫ് വോട്ടുകളിലെ ചോര്‍ച്ചയ്ക്ക് പിന്നില്‍ വോട്ടുകച്ചവടമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് 5 എന്നിങ്ങനെയായിരുന്നു ജില്ലയിലെ കക്ഷിനില. യുഡിഎഫിലെ ആറും എല്‍ഡിഎഫിലെ രണ്ടും ഉള്‍പ്പെടെ 8 സിറ്റിങ് എംഎല്‍എമാരാണ് പരാജയപ്പെട്ടത്. 2011ല്‍ എല്‍ഡിഎഫ് കൈവശം വച്ചതും ഉപതിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നഷ്ടമായതുമായ നെയ്യാറ്റിന്‍കര മണ്ഡലം സിപിഎം പിടിച്ചെടുത്തു.
എല്‍ഡിഎഫ് പ്രതീക്ഷിച്ചതുപോലെയുള്ള വിജയമായിരുന്നു കൊല്ലത്തേത്. ആകെയുള്ള 11 സീറ്റുകളും എല്‍ഡിഎഫ് തൂത്തുവാരിയതോടെ യുഡിഎഫ് ജില്ലയില്‍ സംപൂജ്യരായി. 2011ല്‍ എല്‍ഡിഎഫ്9, യുഡിഎഫ് 2 എന്നിങ്ങനെയായിരുന്നു സീറ്റ്‌നില. ആര്‍എസ്പിയുടെ കോട്ടയെന്ന് അവകാശപ്പെടുന്ന കൊല്ലത്ത് മല്‍സരിച്ച മൂന്ന് സീറ്റിലും അവര്‍ക്ക് തോല്‍വിയായിരുന്നു ഫലം. ചവറയില്‍ മല്‍സരിച്ച മന്ത്രി ഷിബു ബേബി ജോണിന്റെ പരാജയമാണ് യുഡിഎഫിന് കനത്ത തിരിച്ചടിയായത്. 6,189 വോട്ടുകള്‍ക്കാണ് ഷിബു പരാജയപ്പെട്ടത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫ് സ്വതന്ത്രനായി കുന്നത്തൂരില്‍ മല്‍സരിച്ച കോവൂര്‍ കുഞ്ഞുമോന്റെ വിജയവും എടുത്തുപറയേണ്ടതാണ്.
പത്തനംതിട്ടയില്‍ അഞ്ചു മണ്ഡലങ്ങളില്‍ കോന്നി മാത്രമാണ് യുഡിഎഫിന് നിലനിര്‍ത്താനായത്. അഴിമതി ആരോപണങ്ങള്‍ അടൂര്‍ പ്രകാശിന്റെ മുന്നേറ്റം തടയാനായില്ലെന്നാണ് തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്. അതേസമയം, ആറന്‍മുളയില്‍ വീണാ ജോര്‍ജ് നേടിയ അട്ടിമറി വിജയം യുഡിഎഫിലെ പ്രമുഖ നേതാവായ കെ ശിവദാസന്‍ നായര്‍ക്ക് കടുത്ത പ്രഹരമായി. എല്‍ഡിഎഫ്3, യുഡിഎഫ് 2 എന്നിങ്ങനെയായിരുന്നു 2011ലെ സീറ്റ്‌നില. ആലപ്പുഴയില്‍ ചെങ്ങന്നൂരിലെ പി സി വിഷ്ണുനാഥിന്റെ തോല്‍വി മുന്നണിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലമായിരുന്നു ഇത്. 7,983 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ കെ കെ രാമചന്ദ്രന്‍നായരാണ് വിഷ്ണുനാഥിനെ തോല്‍പ്പിച്ചത്. ഭരണവിരുദ്ധ വികാരത്തില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് നിലനിര്‍ത്തി.
18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തല തന്റെ മണ്ഡലം സുരക്ഷിതമാക്കിയത്. ആകെയുള്ള 9 മണ്ഡലങ്ങളില്‍ എട്ടിടങ്ങളിലും എല്‍ഡിഎഫിന്റെ ചെങ്കൊടി പാറി. 2011ല്‍ എല്‍ഡിഎഫ് 7, യുഡിഎഫ് 2 എന്നിങ്ങനെയായിരുന്നു സീറ്റുവിഹിതം.
2011ല്‍ നിര്‍ണായക ശക്തിയായ എസ്ഡിപിഐ ഇത്തവണ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി തെക്കന്‍കേരളത്തിലെ 23 മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. തെക്കന്‍ കേരളത്തില്‍ 11 മണ്ഡലങ്ങളില്‍ മല്‍സരിച്ച ബിഡിജെഎസിന് കാര്യമായ ചലനമുണ്ടാക്കാനായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരിടത്തുപോലും ബിഡിജെഎസിന് രണ്ടാംസ്ഥാനത്തെത്താനായില്ല. സാമുദായികസമവാക്യങ്ങളും ന്യൂനപക്ഷവോട്ടുകളും അടിയൊഴുക്കുകളും തെക്കന്‍ജില്ലകളിലെ ജയപരാജയങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it