Kerala

ചെങ്ങന്നൂര്‍ കൊലപാതകം: ഷെറിനെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോവും

ചെങ്ങന്നൂര്‍ കൊലപാതകം: ഷെറിനെ തെളിവെടുപ്പിനായി  ബംഗളൂരുവിലേക്ക് കൊണ്ടുപോവും
X
sherin-2

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ പിതാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷെറിന്‍ ജോണിനെ 8 ദിവസത്തേക്ക് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സുനില്‍ ബര്‍ക്കമാന്‍ വര്‍ക്കി പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. കോടതി പ്രതിയോട് നേരിട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചശേഷമാണ് അഭിഭാഷകരുടെ വാദം കേട്ടത്. പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം അമേരിക്കന്‍ പൗരത്വമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ട് എന്നാണ് പ്രതി മറുപടി നല്‍കിയത്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും ഷെറിന്‍ മറുപടി നല്‍കി.
പ്രതിയെ ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും ഇതിനായി 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ജോയിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക്, ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കാന്‍ ഉപയോഗിച്ച ആയുധം, കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ ഇടം, ഇത് വാങ്ങിയ ജാറുകള്‍, പ്രതി കുറ്റകൃത്യം നടത്തിയ സ്ഥലങ്ങളിലെ തെളിവുകള്‍ എന്നിവ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും കോടതിയെ ധരിപ്പിച്ചു.
ഷെറിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ പോലിസ് കസ്റ്റഡിയെ പൂര്‍ണമായി എതിര്‍ത്തില്ല. കേസില്‍ ഏകദേശ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതാണെന്നും കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ ദിവസത്തെ കസ്റ്റഡിയെന്നും ഇവര്‍ വാദിച്ചു. എന്നാല്‍, കോടതി ഈ വാദങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചില്ല. ശാരീരികമായി ഉപദ്രവിക്കരുതെന്നും ഇന്നു മുതല്‍ 48 മണിക്കൂര്‍ ഇടവിട്ട് പ്രതിയെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കണമെന്നും തിരികെ കോടതിയില്‍ ഹാജരാക്കുന്ന 9ന് വൈകീട്ട് 4ന് ചികില്‍സാരേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തനിക്കുവേണ്ടി ഹാജരായ അഡ്വ. കെ ജി സുനില്‍കുമാര്‍, അഡ്വ. ബിബിത ബാബു എന്നിവരോട് സംസാരിക്കാന്‍ 10 മിനിട്ട് സമയം ഷെറിന് കോടതി അനുവദിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it