malappuram local

ചെങ്കല്‍ ക്വാറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവം: നഷ്ടപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്താനായില്ല; ഒരാള്‍ക്കുകൂടി പങ്കുള്ളതായി സംശയം

പെരിന്തല്‍മണ്ണ: പെരിഞ്ചോല കുളമ്പിലെ ചെങ്കല്‍ ക്വാറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ റിമാന്റിലായെങ്കിലും സംഭവ ദിവസം യുവതിയില്‍ നിന്ന് നഷ്ടപ്പെട്ട 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനായില്ല.
ചെങ്കല്‍ ക്വാറിയിലെ ജീവനക്കാരിയായിരുന്ന ചെന്നാടന്‍ കുളമ്പ് ചെമ്മലശ്ശേരി മൂസയുടെ മകള്‍ സാജിത(32) തലയ്ക്ക് അടിയേറ്റു രക്തം വാര്‍ന്നു മരിച്ച സംഭവത്തില്‍ ക്വാറി ഉടമ കപ്പൂരത്ത് അബ്ദുല്ല(42), സഹായി അസം സ്വദേശി അജീബുല്‍ അലി (23) എന്നിവര്‍ റിമാന്റിലായെങ്കിലും കൊലപാതകത്തിനിടെ യുവതിയില്‍നിന്നു നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. സംഭവ ദിവസം യുവതിയുടെ വളയും കമ്മലുമല്ലാത്ത മുഴുവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ക്വാറി ഉടമ അബ്ദുല്ലയുടെ സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ സാജിതയോട് ആഭരണങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതു ലഭിക്കാതെ വന്നതാണ് കൊലപാതകത്തിന് വഴിവച്ചത്.
സംഭവ ദിവസം ജോലി സ്ഥലത്തേയ്ക്ക് ആഭരണങ്ങള്‍ അണിഞ്ഞെത്തിയ യുവതിയെ അസം സ്വദേശിയെ കൂട്ടുപിടിച്ച് അപായപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 19ന് നടന്ന കൊലപാതകത്തില്‍ പോലിസ് അന്വേഷണം ഇഴയുന്നതിനെതിരേ യുവതിയുടെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിരുന്നു. നഷ്ടപ്പെട്ട ആഭരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തുടരന്വേഷണത്തില്‍ വ്യക്തമാവുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം.
അതേസമയം, ചോദ്യം ചെയ്തതില്‍ പ്രതികള്‍ കൊലപാതകം സംബന്ധിച്ച് വിശദീകരിച്ചതില്‍ ആഭരണ കവര്‍ച്ച പറയാതിരുന്നത് ദുരൂഹതയുളവാക്കുന്നതായി ആക്ഷേപമുണ്ട്. സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, യുവതിയുടെ കൊലപാതകത്തില്‍ മറ്റൊരാള്‍ക്കു കൂടി പങ്കുള്ളതായാണ് വിവരം. ഇയാളാണ് ആഭരണങ്ങള്‍ സംബന്ധിച്ചുള്ള ഇടപാടുകള്‍ നടത്തിയതെന്നാണ് സൂചന.
Next Story

RELATED STORIES

Share it