ചെക് പോസ്റ്റുകളില്‍ നിരവധി ക്രമക്കേടുകള്‍

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: കേരളത്തിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ മിന്നല്‍പരിശോധന നടത്തി. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി ഐപിഎസിന്റെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകളാണു കണ്ടെത്തിയത്. പരിശോധനയില്‍ മിക്ക ചെക്‌പോസ്റ്റുകളിലും കണക്കില്‍പ്പെടാത്ത തുക കണ്ടെത്തി. ചില സ്ഥലങ്ങളില്‍ വെളിപ്പെടുത്തിയ തുകയില്‍ നിന്നു കുറഞ്ഞ തുകയും കണ്ടെത്തി. കുമളി ആര്‍ടിഒ ചെക്‌പോസ്റ്റില്‍ 6000 രൂപയുടെ സ്റ്റാമ്പ് കുറവുള്ളതായും എക്‌സൈസ് ചെക്‌പോസ്റ്റിന്റെ അടുക്കളയില്‍ അരി സൂക്ഷിച്ചിരിക്കുന്ന പെട്ടിയില്‍ 350 രൂപ ഒളിപ്പിച്ചിരിക്കുന്നതായും കണ്ടെത്തി. കൊല്ലം ആര്യങ്കാവ് വില്‍പന നികുതി ചെക്‌പോസ്റ്റില്‍ ഓഫിസ് അസിസ്റ്റന്റ് പടി വാങ്ങുന്നത് നേരില്‍ക്കണ്ട് നടപടി സ്വീകരിച്ചു. ആര്‍ടി ചെക്‌പോസ്റ്റ് കൗണ്ടറില്‍ നിന്ന് കൈക്കൂലി ഇനത്തില്‍ കൈപ്പറ്റിയ 2000 രൂപയും ഓഫിസ് അസിസ്റ്റന്റിനെ ദേഹപരിശോധന നടത്തിയതില്‍ കണക്കില്‍പ്പെടാത്ത 3400 രൂപയും ഓഫിസിനു വെളിയില്‍ സീല്‍ പതിപ്പിക്കാന്‍ അധികാരപ്പെടുത്താത്ത ആള്‍ സീല്‍ പതിപ്പിച്ചു നല്‍കുന്നതായും ഓഫിസ് പരിസരത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ രൂപയും കണ്ടെത്തി. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റ് ഓഫിസ് കാഷ് ചെസ്റ്റില്‍ രൂപ കുറവുള്ളതായി കണ്ടെത്തി. പാലക്കാട് ഗോപാലപുരം വില്‍പന നികുതി ചെക്‌പോസ്റ്റില്‍ കണക്കില്‍പ്പെടാത്ത 11,470 രൂപ കാഷ് കൗണ്ടറിലുള്ള മേശയില്‍ ഒരു ബണ്ടിലായി പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതായും ജിവിആറില്‍ വച്ച് കൈക്കൂലി കൊടുത്തതായും പരിശോധനാ സംഘം കണ്ടെത്തി. നികുതിയിനത്തില്‍ 600 രൂപ ഈടാക്കിയപ്പോള്‍ കൈക്കൂലി ഇനത്തില്‍ 12,310 രൂപ (സര്‍ക്കാര്‍ നികുതിയുടെ 20 ഇരട്ടിയിലധികം തുക) വാങ്ങിയെന്നു വ്യക്തമായി. കൂടാതെ പാലക്കാട്ടുള്ള വേലന്താവളം വില്‍പന നികുതി ചെക്‌പോസ്റ്റില്‍ കണക്കില്‍പ്പെടാത്ത 3220 രൂപയും ജീവനക്കാര്‍ അനധികൃതമായി ഡ്യൂട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്നതും കണ്ടെത്തി.
Next Story

RELATED STORIES

Share it